മുത്ത്വലാഖ് ബില്ല് ലോക്‌സഭ പാസാക്കി

സിദ്ദീഖ്   കാപ്പന്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് അവതരിപ്പിച്ചത്. മുസ്‌ലിം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ബില്ലെന്ന് അവകാശപ്പെട്ട മന്ത്രി, ഇന്ന് ചരിത്രപ്രധാനമായ ദിവസമാണെന്നും പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശബ്ദവോട്ടോടെ തള്ളിയാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചത്. ഇന്നലെ രാവിലെ തുടങ്ങിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി ഏഴരയോടെ നിര്‍ദിഷ്ട ബില്ലിലെ ഓരോ വ്യവസ്ഥയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട് ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ലാ ഭേദഗതികളും വോട്ടിനിട്ട് തള്ളിയാണ് ബില്ല് പാസാക്കിയത്. ബില്ല് ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. നിര്‍ദിഷ്ട ബില്ല്, മതവിശ്വാസത്തിന്റെ പേരില്‍ യാതൊരുവിധ വിവേചനത്തിനും പൗരന്മാര്‍ വിധേയരായിക്കൂടാ എന്ന ഭരണഘടനയിലെ അനുച്ഛേദം 15ന്റെ ലംഘനമാണെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. മുസ്‌ലിംകളുമായി കൂടിയാലോചിക്കാതെയാണ് കരട് തയ്യാറാക്കിയതെന്നും ബില്ല് മുസ്‌ലിം സ്ത്രീകള്‍ക്കു നേരെയുള്ള മറ്റൊരു അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്ത് എന്നാല്‍ ജീവിതക്രമം മാത്രമാണെന്നും അതു മാറ്റാവുന്നതാണെന്നും ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ പറഞ്ഞു. എന്നാല്‍, അക്ബര്‍ പറഞ്ഞത് ബിജെപിയുടെ മനസ്സാണെന്നും ശരീഅത്ത് മാറ്റാന്‍ പറ്റില്ലെന്നും മാറ്റാന്‍ സമ്മതിക്കില്ലെന്നും മുസ്‌ലിംലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍ മറുപടിയായി പറഞ്ഞു. ആര്‍ജെഡി, എഐഎംഐഎം, ബിജെഡി, എഐഎഡിഎംകെ, മുസ്‌ലിംലീഗ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. എന്നാല്‍, കോണ്‍ഗ്രസ് വിചിത്രമായ നിലപാടാണ് ഇന്നലെ ലോക്‌സഭയില്‍ സ്വീകരിച്ചത്. ബില്ലിനെ എതിര്‍ത്തുകൊണ്ട് ആദ്യം നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് നോട്ടീസ് പിന്‍വലിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച പ്രായോഗികമായ ഭേദഗതികള്‍ പോലും അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിംലീഗ് അംഗങ്ങള്‍ വോട്ടെടുപ്പിനിടെ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.മുത്ത്വലാഖ് ബില്ല് അതിന്റെ അവതരണവേളയില്‍ തന്നെ എതിര്‍ക്കുന്നതിന് സിപിഎം അംഗം എ സമ്പത്ത് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. സിവില്‍ നിയമങ്ങള്‍ അനുസരിച്ച് വ്യവഹരിക്കേണ്ട വിവാഹബന്ധത്തെയും വിവാഹമോചനത്തെയും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തുന്നതിനെയാണ് അദ്ദേഹം എതിര്‍ത്തത്. ബില്ല് പാര്‍ലമെന്റിന്റെ നിയമനീതികാര്യ വകുപ്പിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എംപിമാരായ എ സമ്പത്തും എന്‍ കെ പ്രേമചന്ദ്രനും ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചിരുന്നുവെങ്കിലും അംഗീകരിച്ചില്ല. കോണ്‍ഗ്രസ്സിലെ സുസ്മിത ദേവ്, അസദുദ്ദീന്‍ ഉവൈസി, ഭര്‍തൃഹരി മെഹ്താബ് എന്നിവരും ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it