മുതലമടയിലെ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കൊല്ലങ്കോട്: മുതലമട റെയില്‍വേ സ്‌റ്റേഷനു സമീപം തിരുഞ്ഞി കൊളുമ്പില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
പാറപൊട്ടിക്കാനായി കരുതിവച്ച ജലാറ്റിന്‍ സ്റ്റിക് 13, ഡിറ്റൊണേറ്റര്‍ 24, തിരി 13 മീറ്റര്‍, മെറ്റല്‍ കയറ്റിയ ട്രാക്ടര്‍ എന്നിവ പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഏഴിന് എത്തിയ സംഘം ഉച്ചയ്ക്ക് 12 വരെ പരിശോധന നടത്തി. ജില്ലാ കലക്ടറുടെ പ്രത്യേക സ്‌ക്വാഡിലെ അരുണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാറ പൊട്ടിക്കാനായി തിരിയിട്ടു തയ്യാറാക്കിവച്ച ഡിറ്റൊണേറ്റര്‍ പാലക്കാട് ബോംബ് സ്‌ക്വാഡ് ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ഗിരീഷ്, സെപന്‍സര്‍ ബോസ് സംഘം നിര്‍വീര്യമാക്കി. ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാറമട മല്ലന്‍കൊളുമ്പ് കുമാരന്റെ ഭാര്യ സരോജിനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നു വില്ലേജ് ഓഫിസര്‍ പറഞ്ഞു.
പിടികൂടിയ ട്രാക്ടര്‍ കൊല്ലങ്കോട് പോലിസിനു കൈമാറി. ഈ സ്ഥലത്തോടു ചേര്‍ന്നുള്ള ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലും പാറപൊട്ടിക്കല്‍ തകൃതിയില്‍ നടക്കുന്നുണ്ട്. മുതലമട വില്ലേജ് രണ്ടില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് മാസങ്ങളായി പാറ പൊട്ടിച്ചിട്ടും റവന്യൂവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ചിറ്റൂര്‍ തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി എന്നിവര്‍ക്ക് പാറ പൊട്ടിക്കുന്നതിനെക്കുറിച്ച് റിപോര്‍ട്ട് നല്‍കാതെ റവന്യൂവകുപ്പ് ക്വാറി മാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it