മുഖ്യമന്ത്രി എത്തിയില്ല; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എത്താത്തതിനെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം. ഗുണ്ടാ ആക്രമണം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി ജി സുധാകരന്‍ മറുപടി നല്‍കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
തിങ്കളാഴ്ച അടിയന്തരപ്രമേയത്തിന് മന്ത്രി എ കെ ബാലനും ചൊവ്വാഴ്ച ജി സുധാകരനുമാണ് മറുപടി നല്‍കിയത്. ചൊവ്വാഴ്ച മുഖ്യമന്ത്രി സഭയിലെത്തിയെങ്കിലും കുറച്ചുനേരം മാത്രമാണ് ചെലവിട്ടത്. പ്രധാനപ്പെട്ട വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി ഉണ്ടാവേണ്ടതിന്റെ പ്രാധാന്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ മുരളീധരനാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. മുഖ്യമന്ത്രിക്ക് തിരക്കുണ്ടാവുമെങ്കിലും സഭയിലെത്തേണ്ടതിന്റെ ഗൗരവവും സഭയോട് കാണിക്കേണ്ട ബഹുമാനവും തിരിച്ചറിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ലമെന്റിനെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണ് പിണറായി വിജയനെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി കമ്മിറ്റിയാണോ നിയമസഭയാണോ പ്രധാനമെന്നു സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണം.
14ാം കേരള നിയമസഭയില്‍ ഏറ്റവുമധികം സമയം ചെലവഴിച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഓടു പൊളിച്ചല്ല പിണറായി മുഖ്യമന്ത്രിയായത്. അദ്ദേഹത്തെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും പിബിയുമാണ് തിരഞ്ഞെടുത്തത്. പാര്‍ട്ടി വിട്ടുള്ള ഒരു കളിക്കും മുഖ്യമന്ത്രി അടക്കമുള്ളവരെ കിട്ടില്ലെന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് അതാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐസിസി പ്ലീനറി സമ്മേളനം നടന്നപ്പോള്‍ നിയമസഭയ്ക്ക് അവധി കൊടുത്ത ചരിത്രമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്പീക്കറും രംഗത്തെത്തി.
Next Story

RELATED STORIES

Share it