മുഖ്യമന്ത്രിക്കെതിരായ ഹരജിയില്‍ ഇന്നും വാദം തുടരും

കൊച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഇന്നും വാദം തുടരും. തോമസ് ചാണ്ടി, സര്‍ക്കാരിന് എതിരേ ഹരജി നല്‍കുകയും മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ വിട്ടു നില്‍ക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി തുടരാ ന്‍ അവകാശമില്ലെന്ന് ഹരജിക്കാരനായ കേരള, കൊച്ചി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഒരു മന്ത്രി മറ്റൊരു മന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണമുന്നയിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതായി ഡിവിഷന്‍ബെഞ്ച് തന്നെ വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു മന്ത്രിയോടുള്ള എതിര്‍പ്പ് മൂലം നവംബര്‍ 15ന് മന്ത്രി സഭയിലെ സിപിഐ പ്രതിനിധികളായ നാലംഗങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ ബോധപൂര്‍വം മാറി നിന്നു. ഇക്കാര്യം പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. സിപിഎമ്മാകട്ടെ ഇതിനെതിരേ അവരുടെ മുഖപത്രത്തിലൂടെയും പ്രതികരിച്ചെന്നും ഹരജിക്കാരന്‍ വാദിച്ചു.ഈ വിഷയത്തില്‍ ജനയുഗം പത്രത്തിന്റെ വിശ്വാസ്യത എന്താണെന്ന് കോടതി വാക്കാല്‍ ചോദിച്ചു. ഈ ലേഖനത്തെ എങ്ങനെ തെളിവായി സ്വീകരിക്കും. ഒരു മന്ത്രി സമര്‍പ്പിച്ച ഹരജി കോടതി തള്ളിക്കളഞ്ഞു. ഈ നടപടിയിലൂടെ എങ്ങനെയാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്ത നാല് മന്ത്രിമാര്‍ കോടതിയുടെ മുന്നിലില്ല. അവരെ കക്ഷി ചേര്‍ക്കാനും ഉദ്ദേശിക്കുന്നില്ല. ഇത് ഒരു രാഷ്ട്രീയ വിഷയമാണ്. ആ മന്ത്രിയും കോടതിയുടെ മുന്നിലില്ല. മന്ത്രി ഒരു തെറ്റ് ചെയ്തു. അയാള്‍ പുറത്ത് പോവുകയും ചെയ്‌തെന്നും കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലും  വാദിച്ചു. ഇതിന് ശേഷം കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റി.
Next Story

RELATED STORIES

Share it