Flash News

മുഖ്യകക്ഷികള്‍ക്ക് ഭീഷണിയായി എസ്ഡിപിഐയും ബിഎസ്പിയും

ബംഗളൂരു: കര്‍ണാടകയിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപിഐ), ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി)കളുടെ മുന്നേറ്റം. ഇരട്ടയക്ക സീറ്റുകളില്‍ വിജയം കൊയ്താണ് ഇരു പാര്‍ട്ടികളും കോണ്‍ഗ്രസ്സിനും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തിയത്. ദക്ഷിണ കന്നഡ, മൈസൂരു, ശിവമോഗ ജില്ലകളിലെ 87 ഇടങ്ങളില്‍ ജനവിധി തേടിയ എസ്ഡിപിഐ 18 ഇടങ്ങളില്‍ ജയിച്ചുകയറിയപ്പോള്‍ 142 സീറ്റുകളില്‍ മല്‍സരിച്ച ബിഎസ്പിക്ക് 13 ഇടങ്ങളില്‍ വിജയിക്കാനായി. ദക്ഷിണ കന്നഡയിലാണ് എസ്ഡിപിഐ മികച്ച പ്രകടനം കാഴ്ചവച്ചത്. 24 സീറ്റുകളില്‍ മല്‍സരിച്ച പാര്‍ട്ടി ഇവിടെ 11 സീറ്റുകള്‍ നേടി. ഉള്ളാളില്‍ ആറിടത്തും ബന്ദ്‌വാളില്‍ നാലിടത്തും പുത്തൂരില്‍ ഒരിടത്തുമാണ് ജയിച്ചത്്. ഇവിടെ മല്‍സരിച്ച ഏഴു വനിതകളില്‍ എല്ലാവര്‍ക്കും ജയിച്ചുകയറാനായി എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സും ബിജെപിയും വഞ്ചിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെയും ദലിതരെയുമാണ് തന്റെ പാര്‍ട്ടി പ്രതിനിധീകരിക്കുന്നതെന്ന് ദക്ഷിണ കന്നഡ എസ്ഡിപിഐ പ്രസിഡന്റ് അതാഉല്ല ജൊക്കാത്തി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഏറെ പ്രതീക്ഷയുളവാക്കുന്നതാണെന്നും ആഭ്യന്തര സര്‍വേയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ശക്തി കൃത്യമായി വിലയിരുത്തി ജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രമാണ് മല്‍സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നഡയിലെ 89 സീറ്റുകളിലും മല്‍സരിക്കാനുള്ള ശേഷിയുണ്ടായിട്ടും ഹിന്ദുത്വരുടെ മുന്നേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ബാക്കിയിടങ്ങളില്‍ മതേതര പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. തങ്ങളുടെ വനിതാ സ്ഥാനാര്‍ഥികള്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈസൂരുവിലെ ചാംരാജ് നഗറില്‍ മല്‍സരിച്ച ഏഴിടങ്ങളില്‍ ആറിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. നാലിടത്ത് രണ്ടാമതെത്തി. ചില സീറ്റുകളില്‍ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണെന്നും, ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് പറഞ്ഞു. ആദ്യമായി മല്‍സരിച്ച 2013ലെ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ സാന്നിധ്യം അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എസ്ഡിപിഐ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവ് കല്ലട്ക പ്രഭാകര്‍ ഭട്ട് സമ്മതിക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യമില്ലായ്മയാണ് എസ്ഡിപിഐയുടെ മികച്ച മുന്നേറ്റത്തിനു കാരണമെന്ന് ദക്ഷിണ കന്നഡയുടെ ചുമതലയുള്ള കോണ്‍ഗ്രസ് മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. ബിഎസ്പി 13 വാര്‍ഡുകളിലാണ് ജയിച്ചത്. ഒമ്പതെണ്ണം കൊല്ലഗലിലും ചാംരാജ് നഗര്‍, എംസിസി, എച്ച്ഡി കോട്ടെ, ചിഞ്ചോലി എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളും നേടി. തങ്ങളുടെ വോട്ടിങ് ഓഹരിയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ആദ്യമായി ചാംരാജ് നഗറിനു പുറത്തു വിജയിക്കാനായെന്നും പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രിയും നിയമസഭയിലെ ഏക ബിഎസ്പി അംഗവുമായ എന്‍ മഹേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it