Middlepiece

മുഖ്താര്‍ ഉദരംപൊയിലും കള്ളരാമനും

പി എ എം ഹനീഫ്
റമദാനില്‍ പത്തു മലയാള പുസ്തകങ്ങള്‍ വായനയ്ക്ക് തിരഞ്ഞെടുത്തുവച്ചു. തറാവീഹ് കഴിഞ്ഞ വേളകളിലായിരുന്നു വായന. ഒമ്പതു പുസ്തകങ്ങള്‍ നിരാശപ്പെടുത്തി. ഡിസി, മാതൃഭൂമി, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം തുടങ്ങി ഘടാഘടിയന്മാരാണ് സമയംകൊല്ലി എന്നുപോലും വിശേഷിപ്പിക്കാനാവാത്ത നാല്‍ക്കാലികള്‍ പടച്ചുവിട്ടത്. ഒമ്പതു ഗ്രന്ഥകാരന്‍മാര്‍ പരിചിതവലയത്തിലുള്ളവരും ഒട്ടൊക്കെ ലബ്ധപ്രതിഷ്ഠരുമായതിനാല്‍ പേരുവിവരം ഒളിപ്പിക്കുന്നു. പക്ഷേ, ഒലീവ് നല്ലൊരു പുസ്തകം തന്നു. വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ഇപ്പോഴാണല്ലോ മുഖ്്താര്‍ ഉദരംപൊയില്‍ എന്ന ചിത്രകാരന്റെ ഈ കൊച്ചുഗ്രന്ഥം വായനയില്‍പെട്ടത് എന്നത് തെല്ല് കുണ്ഠിതത്തിലും പെടുത്തി. മുഖ്താറിന്റെ ചിത്രീകരണങ്ങള്‍ വളരെ മുമ്പേ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത സര്‍ഗവൈഭവം 'കള്ളരാമന്‍' വെളിവാക്കുന്നു. ലബ്ധപ്രതിഷ്ഠര്‍ നിരാശപ്പെടുത്തുന്നിടത്ത് മുഖ്താര്‍ വിജയിക്കുന്നതു കഥ പറയാനുള്ള കഴിവുകൊണ്ടല്ല. കഥയില്‍ വിശേഷിച്ചൊരു ക്രാഫ്‌റ്റൊന്നും ഉരുത്തിരിയുന്നില്ല. പക്ഷേ, സ്വന്തം മണ്ണ്, സ്വന്തം വീടകം, പരിചിത വ്യക്തിത്വങ്ങള്‍, ബാല്യകാലാനുഭവങ്ങള്‍, കൂട്ടുകാരികള്‍ എന്നിവരെ സ്വന്തം നാട്ടുവഴക്കങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ ഹൃദ്യമായ ഒരനുഭവം ആസ്വാദകനില്‍ മുളയ്ക്കുന്നു. പറയുന്ന ഭാഷയിലുമുണ്ടൊരു ഫോക് പാരമ്പര്യം. ''അവന്റെ കണ്ണില്‍നിന്നും കണ്ണീര്‍ പാത്രത്തിലേക്കുറ്റി വീണുകൊണ്ടിരുന്നു. കണ്ണീര്‍ കൂട്ടിക്കുഴച്ച ചോറ്റുരുളകള്‍ക്ക് നല്ല രസമുള്ള പുളിപ്പ്.'' കണ്ണീര് ചോറ്റുരുളയെ പുളിപ്പുള്ളതാക്കാന്‍ മാത്രം ഒരു സ്പൂണോ രണ്ട് സ്പൂണോ ഉണ്ടാവില്ല. പക്ഷേ, 'വാല്‍സല്യത്തേനിലാറാടി' എന്ന മഹാകവിയുടെ എഴുത്തുപോലെ ഇത്തിരി ഒന്നില്‍നിന്ന് ചാരുതയാര്‍ന്നൊരു ദൃശ്യവാങ്മയം തീര്‍ക്കുകയാണ് മുഖ്താര്‍. ''സൈനുവിന്റെ ചുവന്ന കണ്ണുകളില്‍ തീ നിറയുന്നതു ഞാന്‍ കണ്ടു. തീ പടരുകയാണ്. ആളിക്കത്തുകയാണ്...'' പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്റേതായി ഒരു നിരീക്ഷണമുണ്ട്. എന്തെഴുതിയാലും അതവസാനിക്കുമ്പോള്‍ നല്ലൊരു വിഷ്വല്‍ അതിലുണ്ടാവണം. ഹെമിങ്‌വേയിലാണ് പഴയകാല രചനകളില്‍ ഇത്തരം വിഷ്വലുകളുടെ ആധിക്യം. 'കഥക്കൂട്ട്' എന്ന തോമസ് ജേക്കബിന്റെ പംക്തിയുടെ സവിശേഷതയും ഈ വിഷ്വലൈസേഷന്‍ തന്നെയാണ്. ബോധപൂര്‍വമായിരിക്കാന്‍ ഇടയില്ല. മുഖ്താര്‍ ഉദരംപൊയിലിനും ഓരോ എഴുത്തിനിടനാഴിയിലും മായ്ച്ചാലും മായ്ക്കാനാവാത്തൊരു കരള്‍ച്ചെപ്പിലിടാന്‍ പാകത്തില്‍ വിഷ്വല്‍ സൂക്ഷിക്കാന്‍ കഴിയുന്നു. നല്ല ചലച്ചിത്ര സാക്ഷാല്‍ക്കാരത്തിന് വിഷ്വലുകളുള്ള രചനതേടുന്നവര്‍ക്ക് കള്ളരാമനില്‍ തിരക്കഥ കൂടാതെ കാമറ വച്ച് പകര്‍ത്താന്‍ പാകത്തില്‍ നൂറുനൂറു വിഷ്വലുകള്‍. പുതിയ എഴുത്തുകാരില്‍ ആര്‍ ഉണ്ണി, സലിം കുരിക്കളകത്ത്, ഷെമി എന്നിവര്‍ക്ക് ഈയൊരു കൃതഹസ്തത ഉള്ളംകൈയില്‍ കാട്ടുനെല്ലിക്ക പോലെ ആസ്വാദകനെ കൊതിപ്പിക്കും. ചവര്‍ക്കുമെങ്കിലും വായനയ്‌ക്കൊടുവില്‍ മധുരിപ്പിക്കുമത്. ''ചാലിലും തോട്ടിലും തട്ടംകൊണ്ടും തോര്‍ത്തുകൊണ്ടുമൊക്കെ കോരിയാണ് മീന്‍ പിടിക്കുക. കണ്ണാന്‍ചുട്ടിയും തവളാപ്പുട്ടലുമൊക്കെയാണ് കോരിയില്‍ കിട്ടുക. ഒന്നോ രണ്ടോ പരല് കിട്ടിയാലായി. മീന്‍ കിട്ടിയാല്‍ മത്തനിലയില്‍ തീക്കനലിട്ട് ചുട്ടുതിന്നും.''എത്രയെത്ര ബിംബങ്ങളാണ് ഈ ഒറ്റവിവരണത്തില്‍ മുഖ്താര്‍ വിളമ്പിയിരിക്കുന്നത്. ചാല്‍, ഇത്തിരി വിസ്തൃതമായ തോട്, തട്ടം, മീന്‍കോരല്‍, ഈ നേരത്തെ ജലത്തിന്റെ ഒഴുക്ക്, കണ്ണാന്‍ചുട്ടി, തവളാപ്പുട്ടല്‍, കുറേ പരല്‍മീനുകള്‍, മത്തനില, തീക്കനല്‍, ചുട്ടു പാകപ്പെടുത്തല്‍, തീറ്റ... നമ്മുടെ കാഥികരില്‍ അപൂര്‍വം പേര്‍ക്കേ ഈയൊരു കൈത്തഴക്കം ലഭ്യമായിട്ടുള്ളൂ. എം മുകുന്ദന്‍ സമീപകാലത്തെഴുതിയ 'കുട' ഉണ്ടല്ലോ ഈ തരത്തില്‍ ആസ്വാദകമനസ്സില്‍ നിന്നു മായാത്തൊരു ബിംബമാണ്. കുട മഹാപ്രതീകമാണ്. കടല്‍പോലെ... മുഖ്താര്‍ കള്ളരാമന്‍ പുസ്തകത്തില്‍ കുറഞ്ഞത് മുന്നൂറിനടുത്ത് നമുക്കപരിചിതമായ ബിംബങ്ങള്‍ നിറച്ചിരിക്കുന്നു. ആധുനിക എഴുത്തിലെ നാടോടിവിജ്ഞാനീയക്കാരനാണ് ചിത്രകാരന്‍കൂടിയായ ഈ കഥാകാരന്‍ എന്നെഴുതുമ്പോള്‍ ചെറിയൊരു ന്യൂനത കൂടി എന്റെ ആസ്വാദനത്തില്‍ കുടുങ്ങിയത് ചൂണ്ടിക്കാട്ടട്ടെ. ''പുതിയ പുതിയ നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കു മാത്രം ഞാന്‍ പിടിച്ചെടുക്കും. ഓരോ നുണക്കഥയും വിജയകരമായി പറഞ്ഞവസാനിക്കുമ്പോള്‍...''മുഖ്താര്‍, നുണക്കഥകളുടെ കാലം കഴിഞ്ഞു. നവീന സാഹിത്യം വാസ്തവങ്ങളുടേതു മാത്രമാവണം. സംഭവം ഉത്തരാധുനികമാണെങ്കില്‍ ഓരോ ഊടും പാവും വാസ്തവികമാവണം.
Next Story

RELATED STORIES

Share it