മുംബൈ ആക്രമണം: പാകിസ്താന് പങ്കുണ്ടെന്ന് ഹെഡ്‌ലി

ന്യൂഡല്‍ഹി: 2008ലെ മുംബൈ ആക്രമണക്കേസില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ദേശീയ അന്വേഷണ എജന്‍സി(എന്‍ഐഎ)യോട് സമ്മതിച്ചതായി റിപോര്‍ട്ട്. സിഎന്‍എന്‍-ഐബിഎന്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തിനു പിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇതിനു പണം നല്‍കിയെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.
മുംബൈ ടാഡ കോടതിയില്‍ ഇന്നു വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹെഡ്‌ലി മൊഴിനല്‍കാനിരിക്കെയാണ് എന്‍ഐഎയുടെ അന്വേഷണ റിപോര്‍ട്ട് പുറത്തായത്.
ലശ്കറെ നേതാവ് ഹാഫിസ് സഈദിന്റെ അനുമതിയോടെയാണ് മുംബൈ ആക്രമണമെന്നും ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാഗേറ്റ്, സിബിഐ ഓഫിസ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി വിവരം നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.
ഐഎസ്‌ഐ മേജര്‍മാരായ ഇഖ്ബാലും സലിമ അലിയുമാണ് ആക്രമണം നടത്താന്‍ സഹായിച്ചത്. ഐഎസ്‌ഐ ബ്രിഗേഡിയര്‍ റിവാസിന് സാകിഉര്‍ റഹ്മാന്‍ ലഖ്‌വിയുമായി ബന്ധമുണ്ട്.
കേസില്‍ അറസ്റ്റിലായ ലഖ്‌വിയെ ഐഎസ്‌ഐ മേധാവി ഷുജുപാഷ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു- ഹെഡ്‌ലി പറഞ്ഞു. 2009ലാണ് ഹെഡ്‌ലിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ കോടതി 2013 ജനുവരി 24ന് ഇയാളെ 35 വര്‍ഷം തടവിനു ശിക്ഷിച്ചു.
Next Story

RELATED STORIES

Share it