Kollam Local

മീസില്‍സ്-റൂബെല്ലാ വാക്‌സിനേഷന്‍ കാംപയിന്‍ : മതമേലധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു



കൊല്ലം:മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ കാംപയിന്റെ പ്രചരണാര്‍ത്ഥം വിവിധ മതമേലധ്യക്ഷന്‍മാരുടെ യോഗം ആരോഗ്യ വകുപ്പിന്റെയും എന്‍എച്ച് എമ്മിന്റെയും നേതൃത്വത്തില്‍ ജില്ലാ ട്രെയിനിങ് സെന്ററില്‍ ചേര്‍ന്നു.വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും വാക്‌സിനേഷന് എതിരെ നവമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം ഉള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. സംശയങ്ങള്‍ക്ക് ശിശുരോഗ വിദഗ്ധന്‍ ഡോ. പിഎന്‍ നാരായണ പിഷാരടി മറുപടി നല്‍കി. വാക്‌സിന്‍ ഉണ്ടാക്കുന്ന സ്ഥാപനം, വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍, അവയുടെ വിതരണം എന്നിവ സംബന്ധിച്ചും വ്യത്യസ്ത മതക്കാര്‍ക്ക് വെവ്വേറെ വാക്‌സിനുണ്ടോ എന്നതടക്കമുള്ള ആശങ്കകളും മതമേലധ്യക്ഷന്‍മാര്‍ ശ്രദ്ധയില്‍പ്പെടുത്തി.വാക്‌സിനേഷന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനം വിവിധ ഘട്ടങ്ങളിലെ ഗുണപരിശോധനകള്‍ക്ക് ശേഷം തയ്യാറാക്കി ഇന്ത്യ ഉള്‍പ്പടെ 13 രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നുതുണെന്നും വാക്‌സിന്‍ 1985 മുതല്‍ പ്രതിരോധ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശിശുരോഗ വിദഗ്ധന്‍ അറിയിച്ചു.ലോകാരോഗ്യ സംഘടനയുടെ കര്‍ശന നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ നല്‍കുന്നത് വഴി കുഞ്ഞുങ്ങള്‍ക്ക് രോഗത്തിനെതിരേ പ്രതിരോധ ശേഷി ലഭിക്കും. പ്രതിരോധ കുത്തിവെയ്പ്പിലൂടെ മാത്രമേ വൈറസുകളുടെ വ്യാപനം തടയാന്‍ സാധിക്കുകയുള്ളൂ. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ജനസംഖ്യാ നിയന്ത്രണം ഉള്‍പ്പടെയുള്ള തെറ്റായ പ്രചാരണത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് ഡോക്ടര്‍ യോഗത്തില്‍ അറിയിച്ചു. സമുദായംഗങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തുമെന്ന് മതസംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. കേരളത്തില്‍ ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ച കാംപയിനിലൂടെ ഇതുവരെ 46 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും യാതൊരു പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ സമുദായ അംഗങ്ങള്‍ വശംവദരാവരുതെന്ന് മതമേലധ്യക്ഷന്‍മാര്‍ പറഞ്ഞു. സമുദായത്തിലെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കാംപയിന് പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്നും അവര്‍ യോഗത്തില്‍ അറിയിച്ചു.ജില്ലയില്‍ ഒന്‍പത് മാസത്തിനും 15 വയസിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രമുഖ മതപണ്ഡിതന്‍ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, മൈലാപ്പൂര്‍ ഉമര്‍ മൗലവി, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. ഷൈജു ഹമീദ്, ഡോ. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it