malappuram local

മീസില്‍സ്-റുബെല്ല നിര്‍മാര്‍ജന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കം



മലപ്പുറം: ലോകാരോഗ്യസംഘടനയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന മാരകരോഗമായ മീസില്‍സ് റുബെല്ല നിര്‍മാര്‍ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സെന്റ് ജമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. ഇന്നലെ മുതല്‍ കേരളത്തില്‍ എംആര്‍ റുബല്ല വാക്‌സിനേഷന്‍ കാംപയിന്‍ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വസൂരി, പോളിയോ രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്തപോലെ മാരകരോഗങ്ങളായ മീസില്‍സ് (അഞ്ചാംപനി), റുബല്ല രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിഗത പ്രതിരോധം എന്നതിനേക്കാള്‍ രോഗകാരങ്ങളായ വൈറസുകളെ ഇല്ലാതാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. കാംപയിനോടനുബന്ധിച്ച് ഫഌഷ് മോബ്, മായാജാലം എന്നിവ അവതരിപ്പിച്ചു. മീസില്‍സ് റുബല്ല നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തനമാണിത്. 95 ശതമാനം കുട്ടികള്‍ക്കും എംആര്‍ വാക്‌സിന്‍ നല്‍കിയാല്‍ മാത്രമെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂ. അതിനായി 10 മാസം മുതല്‍ 15 വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പരിപാടിയുടെ ഭാഗമായി ഒരു ഡോസ് എംആര്‍ വാക്‌സിന്‍ നല്‍കും. 10ാം മാസം മുതല്‍ 10ാം ക്ലാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികളെയുമാണ് പരിപാടിക്ക് ലക്ഷ്യമിടുന്നത്. മീസില്‍സ് മൂലമുള്ള മരണവും റുബല്ലമൂലമുണ്ടാവുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങളും ഇല്ലാതാക്കുകയും സമൂഹത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയുമാണ് പരിപാടിയുടെ അന്തിമ ലക്ഷ്യം.ഈ പദ്ധതി പ്രകാരം പല രാജ്യങ്ങളില്‍നിന്നു റുബല്ല രോഗം ഇല്ലാതാക്കി. അമേരിക്ക പ്രതിരോധ ചികില്‍സാ പട്ടികയില്‍ എംആര്‍ വാക്‌സിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് 130 രാജ്യങ്ങളില്‍ വാക്‌സിന്‍ ഉപയോഗിച്ചു വരുന്നു. ചടങ്ങില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ എ ഷിബുലാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അധ്യക്ഷത വഹിച്ചു. വേങ്ങര ഉപതിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അമിത് ചൗധരി,  ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ആര്‍ രേണുക, ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി രാജന്‍ തട്ടില്‍, എസ്എംസിഡബ്ല്യുഎച്ച്ഒ ഡോ. ആര്‍ ശ്രീനാഥ്, യൂനിസെഫ് ജില്ലാ കണ്‍സല്‍ടെന്റ് ഡോ. ജി സന്തോഷ്‌കുമാര്‍, ആയുര്‍വേദ ഡിഎംഒ ഡോ. കെ സുശീല, ഡിഎംഒ ഹോമിയോ എല്‍ ഷീബാബീഗം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രതിനിധി സി പി അബ്ദുസ്സമദ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ കെ വി സുഭാഷ്‌കുമാര്‍, കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. എ കെ റഊഫ്, ലയണ്‍സ് ക്ലബ് കോ-ഓഡിനേറ്റര്‍ ഉസ്മാന്‍ ഇരുമ്പുഴി, ഐഎംഎ പ്രസിഡന്റ് ഡോ. കെ എ പരീത്, എന്‍വൈകെ കോഡിനേറ്റര്‍ കെ കുഞ്ഞിമുഹമ്മദ്, സെന്റ് ജമ്മാസ് മാനേജര്‍ സിസ്റ്റര്‍ ജോഷി ജോസഫ്, പിടിഎ പ്രസിഡന്റ് എം പി സലീം, ഹെഡ്മിസ്ട്രിസ് സിസ്റ്റര്‍ ലൂസിന പങ്കെടുത്തു.
Next Story

RELATED STORIES

Share it