മില്‍മ കാലിത്തീറ്റയുടെ സബ്‌സിഡി നിര്‍ത്തലാക്കി

എ എം നിസാര്‍

ഹരിപ്പാട്: മില്‍മ സഹകരണ സംഘങ്ങള്‍ വഴി  ക്ഷീരകര്‍ഷകര്‍ക്കു വിതരണം ചെയ്ത കാലിത്തീറ്റയുടെ സബ്‌സിഡി എടുത്തുകളഞ്ഞു. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. രണ്ടു ഘട്ടങ്ങളിലായി സബ്‌സിഡി ഇനത്തില്‍ ചാക്കൊന്നിന് ലഭിച്ച 200 രൂപയാണു മില്‍മ നിര്‍ത്തലാക്കിയത്. മില്‍മ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കു ഗുണനിലവാരമില്ലെന്ന ആക്ഷേപം വര്‍ഷങ്ങളായി  ക്ഷീരകര്‍ഷകര്‍ക്കിടയിലുണ്ട്. എന്നാല്‍ അതു വക വയ്ക്കാതെയാണു കര്‍ഷകര്‍ സംഘങ്ങളിലൂടെയുള്ള കാലിത്തീറ്റ വാങ്ങിയിരുന്നത്. സ്വകാര്യ മേഖലയിലൂടെയും കേരള ഫീഡ്‌സിലൂടെയും നിര്‍മിക്കുന്ന കാലിത്തീറ്റയേക്കാള്‍ വിലയാണു മില്‍മയുടെ തീറ്റയ്ക്ക് ഈടാക്കിയിരുന്നത്. ചാക്കിന് 75 രൂപയുടെ അധിക വര്‍ധനയായിരുന്നു ഉണ്ടായിട്ടുള്ളത്. സ്വകാര്യ മേഖലയില്‍ നിന്ന്  950 രൂപയ്ക്ക് കാലിത്തീറ്റ ലഭിക്കുമ്പോള്‍ മില്‍മയുടെ വില 1025 രൂപയായിരുന്നു. കര്‍ഷകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് 25 രൂപ കുറവു ചെയ്തിരുന്നു. 200 രൂപ സബ്‌സിഡി ലഭിക്കുന്നതു വഴി ചാക്കൊന്നിന് 800 രൂപയ്ക്ക് കാലിത്തീറ്റ ലഭിച്ചതു വഴി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം കിട്ടിയിരുന്നു. കൂടുതല്‍ ചാക്ക് കാലിത്തീറ്റ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി  ഗുണം ചെയ്തിരുന്നു. എന്നാല്‍  സബ്‌സിഡിത്തുകയായ 200ല്‍, 100 രൂപ ഒന്നാം ഘട്ടമെന്ന നിലയില്‍ നിര്‍ത്തി. ഇപ്പോഴാവട്ടെ ബാക്കിയുള്ളതും നിര്‍ത്തിയതോടെ  വിപണികളില്‍ നിന്നു വാങ്ങുന്ന കാലിത്തീറ്റയുടെ വിലയേക്കാള്‍ കൂടുതല്‍ തുക മില്‍മയ്ക്ക് നല്‍കേണ്ടിവരുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മില്‍മയുടെ ഉല്‍പന്നങ്ങള്‍ക്കു കൂടിയ വില നല്‍കേണ്ടി വരുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നത്തിനു മതിയായ വില ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പശുവിന്റെ പാലിന് ഒരു ലിറ്ററിന് 45 രൂപയും എരുമയുടെ പാലിന് 55 മുതല്‍ 60 വരെയും പുറത്തു ലഭിക്കുമ്പോള്‍ മില്‍മയില്‍ നിന്ന് 28 രൂപ മുതല്‍ 40 രൂപയ്ക്ക് താഴെയാണു വിലയായി ലഭിക്കുന്നത്.  റീഡിങിന്റെ പേരില്‍ കുറഞ്ഞ വിലയില്‍ സംഭരിക്കുന്ന പാല്‍, കര്‍ഷകന്റെ മുന്നില്‍ വച്ചു തന്നെ പരമാവധി വിലയ്ക്ക് മറിച്ചു വില്‍ക്കുന്നുമുണ്ട്. വേനല്‍ക്കാലത്ത് ഒരു രൂപ ലിറ്ററിന് ഇന്‍സെന്റീവ് എന്നു പറഞ്ഞ് നല്‍കുന്നതും ഓണക്കാലത്ത് ബോണസ് ഇനത്തില്‍ കര്‍ഷകന് നല്‍കുന്ന തുകയും ചേര്‍ത്തു വച്ചാല്‍ പോലും  അളക്കുന്ന പാലിന്റെ മൂന്നില്‍ രണ്ടു ഭാഗം വില പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരാവട്ടെ പാല്‍ സംഘങ്ങളില്‍ എത്തിച്ചുകൊടുക്കുകയും വേണം. എന്നാല്‍ സമീപകാലത്തായി കര്‍ഷകരില്‍ നിന്നു  ന്യായവില നല്‍കി പാല്‍ സംഭരിക്കാന്‍ സമാന്തര ഏജന്‍സികള്‍ രംഗത്തുണ്ട്. കര്‍ഷകരുടെ വീടുകളിലെത്തിയാണ് ഏജന്‍സികള്‍ പാല്‍ സംഭരിക്കുന്നത്. മില്‍മ ന്യായവില നല്‍കാത്തതിലും കാലിത്തീറ്റയുടെ സബ്‌സിഡി നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് കര്‍ഷകര്‍ സമാന്തര ഏജന്‍സികളെ കൂടുതലായി ആശ്രയിക്കാനൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it