ernakulam local

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച അനുവദിക്കാതെ ചെയര്‍മാന്‍ ഇറങ്ങിപ്പോയി

പറവൂര്‍: മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതികള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്ലാ ഭേദഗതികളും പാസായതായി ഒറ്റവാക്കില്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ചെയര്‍മാന്റെ നടപടി പറവൂര്‍ നഗരവാസികളോടുള്ള വെല്ലുവിളിയും മുനിസിപ്പല്‍ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനായി മാര്‍ച്ച് 17ന് തദ്ദേശസ്വയം വകുപ്പ് മന്ത്രി കെ ടി ജലീല്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കെ തിരക്ക് പിടിച്ച് ഭേദഗതി നിര്‍ദേശങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ ചെയര്‍മാന്‍ നടത്തിയ നീക്കം കൗണ്‍സിലില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. മന്ത്രി വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കുറ്റമറ്റ രീതിയില്‍ ഭേദഗതി വരുത്തി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം  ചെയര്‍മാന്‍ അംഗീകരിച്ചില്ല. പുതിയ മാസ്റ്റര്‍ പ്ലാന്‍ വരുന്നത് വരെ നഗരസഭ കൗണ്‍സില്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ തയ്യാറാണെന്ന് മന്ത്രിതല യോഗത്തില്‍ ധാരണയായിരുന്നു. ഇതിനായി ഫെബ്രുവരി 12 ന് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പ്രത്യേക കൗണ്‍സില്‍ യോഗം  ചേരാനിരിക്കെയാണ് ഒട്ടനവധി അപാകതകളും അവ്യക്തതകളും നിറഞ്ഞ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ അംഗീകരിച്ചത്. മന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ചെയര്‍മാന്‍ വിട്ടുനിന്നതിനെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ മനസുണ്ടായിരുന്നില്ല എന്ന ചെയര്‍മാന്റെ മറുപടി രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടയാക്കി. പറവൂരിന്റെ ഭാവി വികസനത്തോട് നീതി പുലര്‍ത്താതെയും യാതൊരു വിധ ശാസ്ത്രീയ പഠനമില്ലാതെയും തയ്യാറാക്കിയ തട്ടികൂട്ട് ഭേദഗതികള്‍ നിലനില്‍ക്കില്ലെന്നും ഈ വിഷയങ്ങളെല്ലാം സര്‍ക്കാരിന്റെയും ടൗണ്‍പ്ലാനറിന്റെയും ശ്രദ്ധയില്‍ പെടുത്തി ജനഹിതമനുസരിച്ചുള്ള പുതിയ മാസ്റ്റര്‍പ്ലാന് രൂപം നല്‍കാന്‍ നേതൃപരമായ പങ്കുവഹിക്കുമെന്നും എല്‍ഡി എഫ് കൗണ്‍സിലര്‍മാരായ കെ എ വിദ്യാനന്ദന്‍, എസ് ശ്രീകുമാരി, ടിവി നിഥിന്‍, കെ സുധാകരന്‍ പിള്ള, സി പി ജയന്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it