wayanad local

മാവോവാദി നിലമ്പൂര്‍ രക്തസാക്ഷിത്വ ദിനം : പോലിസ് സുരക്ഷ ശക്തമാക്കുന്നു



മാനന്തവാടി: നിലമ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഒന്നാം ചരമവാര്‍ഷിക ദിനാചരണം കണക്കിലെടുത്ത് പോലിസ് സുരക്ഷ കര്‍ശനമാക്കി. വയനാട്, നിലമ്പൂര്‍, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, പാലക്കാട് മേഖലകളിലാണ് കര്‍ശന സുരക്ഷ. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പോലിസ് സ്‌റ്റേഷനുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉള്ളതിനു പുറമെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, ആര്‍ആര്‍ബി, എംഎസ്പി തുടങ്ങിയ സായുധസേനകളെയും സുരക്ഷാ ജോലികള്‍ക്കായി നിയോഗിക്കും. കൂടാതെ ഷാഡോ ടീമിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണവും കര്‍ശനമാക്കും. വാര്‍ഷികത്തോടനുബന്ധിച്ച് പോലിസ് സ്‌റ്റേഷനുകളോ ധനകാര്യ സ്ഥാപനങ്ങളോ ആക്രമിക്കുമെന്നു കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച തിരുനെല്ലിയില്‍ അജ്ഞാതരായ രണ്ടുപേര്‍ അര്‍ധരാത്രിയില്‍ തിരുനെല്ലി പോലിസ് സ്‌റ്റേഷന്റെ പുറകില്‍ എത്തുകയും മതില്‍ ചാടിക്കടക്കാനുള്ള ശ്രമത്തിനിടെ ഗാര്‍ഡ് അറിഞ്ഞതോടെ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നില്‍ മാവോവാദികള്‍ തന്നെയാണെന്നാണ് പോലിസ് നിഗമനം. രണ്ടു ദിവസം മുമ്പ് വൈത്തിരിയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മക്കിമല കേന്ദ്രീകരിച്ച് മാവോവാദി ക്യാംപ് പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it