Alappuzha local

മാവേലിക്കരയില്‍ മാലിന്യം കുന്നുകൂടുന്നു

മാവേലിക്കര: ഡങ്കിപ്പനി ഉള്‍പ്പടെ മാരകമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും രോഗ വാഹികളായ കൊതുകള്‍ക്ക് തഴച്ചുവളരാന്‍ ഇടമൊരുക്കി നഗരസഭ. നഗരസഭയിലെ വീടുകളില്‍ മലിനജലം കെട്ടികിടക്കുന്നുണ്ടെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അധികൃതരാണ് തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ മനുഷ്യ ജീവന് തന്നെ ഭീഷണിയായ മാലിന്യം കുന്നുകൂടാന്‍ അവസരമൊരുക്കുന്നത്.
മാവേലിക്കര നഗരസഭയിലെ പുതിയകാവ് ചന്ത, കോട്ടതോട്, വലിയകുളം ഉള്‍പ്പടെയുള്ള ഇടങ്ങളിലാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. പ്രവര്‍ത്തിക്കുന്ന പുതിയകാവ് ചന്തയെ  നഗരസഭ പ്രദേശത്തെ മാലിന്യം തള്ളുവാനുള്ള ഇടമായി മാറ്റിയിരിക്കുകയാണ്. നഗരസഭയുടെ വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ക്ക് പുറമെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഇടങ്ങളില്‍ നിന്നുമൊക്കെയായി നിരവധി ടണ്‍ മാലിന്യമാണ് ഒരോ ദിവസവും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ ഇവിടെ മാലിന്യം നിക്ഷേപിച്ച ശേഷം അതിനുമുകളിലായി ഗ്രാവല്‍ ഇറക്കുകയും ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൂടി ഇല്ലാതായതോടെ ദുര്‍ഗന്ധംകൊണ്ട് പുതിയകാവ് ചന്തയുടെ പരിസരത്തുകൂടിപോലും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. മഴശക്തമായതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്ന കാഴ്ചയാണ് ഇവിടെ.
ഇവയെ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ തയാറാവുന്നില്ലായെന്നും പ്രദേശവാസികള്‍ പറയുന്നു. മാലിന്യ സംസ്‌കരണത്തിനായി ഇവിടെ എയ്‌റോബിക് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.  പുതിയകാവ് ചന്തയുടെ മുന്‍ഭാഗത്ത് ആരംഭിച്ച കമ്പോസ്റ്റ് യൂനിറ്റിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനം പ്രദേശവാസികള്‍ തടഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കോട്ടത്തോടിന്റെ മുകളിലൂടെ സ്ലാബ് ഇടുന്ന പദ്ധതി ആരംഭിച്ചതോടെ പല സ്ഥലങ്ങളിലും തോടിന്റെ വ്യാസം കുറഞ്ഞത് ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കൊതുകുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം  കോട്ടത്തോടിനെ മാലിന്യമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ മാവേലിക്കരയില്‍ അരങ്ങേറിയതിന് ശേഷമാണ് തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വലിയ വീതിയുണ്ടായിരുന്ന തോടിന്റെ വീതി നവീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുറച്ചത് കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന വലിയകുളം, റയില്‍വേ സ്റ്റേഷന്‍ ഭാഗത്തെ വെള്ളൂര്‍കുളം, കോട്ടാകുളം, കുളിരുകുളം, പൊന്നാരംതോട്ടം കുളം എന്നി കുളങ്ങള്‍ മലിനമാണ്. കുളങ്ങളില്‍ ഹോട്ടലിലെ മാലിന്യങ്ങള്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്നിവ തള്ളുന്നതും പതിവാണ്. ഇത്തരത്തില്‍ മലിനമായി കിടക്കുന്ന കുളങ്ങളിലും രോഗവാഹികളായ കൊതുകുകളുടേയും മറ്റും പ്രജനനം നടക്കുന്നുണ്ട്. ഈ കുളങ്ങളിലെല്ലാം കൂത്താടികള്‍ നിറഞ്ഞ നിലയിലുമാണ്്. നഗരസഭ പ്രദേശത്തെ നിരവധി പേരില്‍ ഡങ്കിപ്പനി സ്ഥിരികരിച്ചിരിക്കുകയാണ്. എട്ടോളം പേര്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീടുകളിലെ മലിനജല സാധ്യത പരിശോധിക്കാനായി നഗരസഭ ടൈഗര്‍ഹണ്ടെന്ന് പേരിട്ട പരിശോധന സംവിധാനത്തിന് രൂപം കൊടുത്തു. എന്നാല്‍ പൊതുസ്ഥലങ്ങള്‍ വരുത്തിവെയ്ക്കുന്ന രോഗഭീഷണി മറച്ചുപിടിച്ച് വീടുകളില്‍ പരിശോധന നടത്തുന്നത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുള്ള ഭരണാധികാരികളുടെ തന്ത്രമാണെന്നാണ് നഗരവാസികളുടെ ആരോപണം.
Next Story

RELATED STORIES

Share it