thrissur local

മാളയിലെ മള്‍ട്ടി ജി പി ജലവിതരണ പദ്ധതി: റോഡുകള്‍ പൊളിച്ചിട്ടിരിക്കുന്നത് ദുരിതമാവുന്നു; പൊടിശല്യം രൂക്ഷം

മാള: മള്‍ട്ടി ജി പി ജലവിതരണ പദ്ധതിയുടെ ഭാഗമായി റോഡുകളെല്ലാം തന്നെ പൊളിച്ചിട്ടിരിക്കുന്നത് ദുരിതമാവുന്നു. മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന മള്‍ട്ടി ജി പി പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലും ഗ്രാമപ്പഞ്ചായത്തുകളുടെ കീഴിലുള്ളതും ഇടവഴികളിലുമാണ് റോഡിന്റെ ഇരുഭാഗത്തും പൊളിച്ച് പൈപ്പുകള്‍ സ്ഥാപിച്ച് വരുന്നത്.
റോഡുകളുടെ ഒരു സൈഡില്‍ വലിയതും മറുഭാഗത്ത് ചെറിയതുമായ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി പൊതുവേ വീതി കുറവായ റോഡുകളുടെ ഭൂരിഭാഗവും പൊളിച്ചിട്ടുണ്ട്.
മഴക്കാലത്ത് ചെളിശല്ല്യമായിരുന്നെങ്കില്‍ വേനലായപ്പോള്‍ മുതല്‍ അതിരൂക്ഷമായ പൊടിശല്ല്യമാണ് അനുഭവപ്പെടുന്നത്. ഒരു ചെറിയ വാഹനം കടന്നു പോകുമ്പോഴോ കാറ്റടിക്കുമ്പോഴോ വലിയ തോതിലുള്ള പൊടിശല്ല്യമാണെങ്ങുമുള്ളത്. ഒരോ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലുമുള്ള എല്ലാ റോഡുകളും വഴികളും പൊളിച്ചിട്ടിരിക്കുന്നതിനാല്‍ എല്ലായിടങ്ങളിലും അതിരൂക്ഷമായ പൊടിശല്ല്യമാണ് അനുഭവപ്പെടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായാധിക്യം മൂലം കഷ്ടപ്പെടുന്നവര്‍ വരെ ഇതിന്റെ ദുരിതം അനുഭവിക്കുന്നു.
ശ്വാസം മുട്ടും ആസ്തമയും അടക്കമുള്ള രോഗങ്ങള്‍ ഉള്ളവരാണ് പൊടിശല്ല്യം മൂലമുള്ള ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. വിദ്യാര്‍ഥികളും നിത്യേന പണിക്കായും മറ്റും സഞ്ചരിക്കുന്നവരുടേയും ശ്വാസ കോശങ്ങളിലേക്ക് വന്‍തോതിലുള്ള പൊടിയും മറ്റുമാണ് എത്തിചേരുന്നത്.
വീടുകളില്‍ ഇരിക്കുന്നവരും വലിച്ചു കയറ്റുന്നത് വന്‍തോതിലുള്ള പൊടിയാണ്. റോഡുകളുടെ ഇരുഭാഗങ്ങളിലും പലവിധ ബിസിനസ് നടത്തുന്നവരും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും അനുഭവിക്കുന്ന പൊടിശല്ല്യവും വന്‍തോതിലാണ്. ഗ്ലാസ് പൊക്കിയിടാനാവാത്ത ചെറുവാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും സഞ്ചരിക്കുന്നവരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന ദുരിതം ഏറെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളില്‍ ടാറിങ് നടത്താന്‍ അന്നമനട ഗ്രാമ പഞ്ചായത്ത് മുഴുവന്‍ പണവും അടച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോയ് അറിയിച്ചു.
ബാക്കിവരുന്ന അഞ്ച് പഞ്ചായത്തുകളും എഴുപത്തിയഞ്ച് ശതമാനം വരെയാണ് പണമടച്ചിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളുടെ കീഴിലുള്ള റോഡുകള്‍ പണിയാനായും പണം കണ്ടെത്തണം. അതുവരെ എത്രമാസം ഈ പൊടിശല്ല്യം അനുഭവിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ജനം.
ദുരിതം തീര്‍ക്കാനായി എത്രയും പെട്ടെന്ന് റോഡുകള്‍ ടാറിങ് നടത്തി പൊടിശല്ല്യം ഇല്ലാതാക്കാനും അപകടമടക്കമുള്ളവ ഒഴിവാക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
Next Story

RELATED STORIES

Share it