thiruvananthapuram local

മാലിന്യ സംസ്‌കരണത്തിന് നഗരസഭ രൂപമാറ്റം വരുത്തുന്നു

തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി നഗരസഭ കൊണ്ടുവന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികളിലൊന്നായ കിച്ചന്‍ ബിന്നുകള്‍ പ്ലാസ്റ്റിക്കില്‍ നിന്നും സ്റ്റീലാക്കാന്‍ നഗരസഭ ആലോചിക്കുന്നു.
പ്ലാസ്റ്റിക് ബിന്നുകള്‍ എലികളും മറ്റ് ജീവികളും നശിപ്പിക്കുന്നതായി നഗരസഭാ ആരോഗ്യ വിഭാഗത്തിന് ലഭിക്കുന്ന നിരന്തര പരാതികളെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് നഗരസഭ അധികൃതര്‍ ചിന്തിച്ചത്. മാലിന്യം കഴിക്കാനെത്തുന്ന എലികളും മറ്റും ബിന്നുകള്‍ കടിച്ചു മുറിക്കുന്നതായാണ് ഇവ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ നിന്നുള്ള പ്രധാന പരാതി. എന്റെ നഗരം സുന്ദര നഗരം എന്ന പേരില്‍ നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി ആരംഭിച്ച വികേന്ദ്രീകൃത മാലിന്യം സംസ്‌കരണ പദ്ധതിയുടെ ഭാഗമായാണ് വീടുകളില്‍ കിച്ചന്‍ ബിന്നുകള്‍ സ്ഥാപിച്ചത്. അടുക്കളയില്‍ സ്ഥാപിക്കുന്ന ഒരു ബിന്നില്‍ എല്ലാ ഖരജൈവമാലിന്യങ്ങളും നിക്ഷേപിക്കുകയും ഇടക്ക് മാലിന്യത്തെ വിഘടിപ്പിക്കുന്ന ചകിരിച്ചോര്‍ മുകളില്‍ വിതറി വീണ്ടും മാലിന്യം നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.
രണ്ടാഴ്ച്ച ഇത് ആവര്‍ത്തിച്ചാല്‍ ദുര്‍ഗന്ധമില്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും. ഇത് വീട്ടിലെ കൃഷികള്‍ക്ക് ഉപയോഗിക്കുകയോ എന്‍ജിഒകള്‍ക്ക് നല്‍കുകയോ ചെയ്യുന്നതാണ് പദ്ധതി. 52 കോടി രൂപ മുടക്കി നഗരസഭ നടത്തുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായാണ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബിന്നുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി നേരെത്തെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ വീടുകള്‍ക്കും ഒരു സ്റ്റീല്‍ ബിന്നും അഞ്ച് ഗ്രോ ബാഗുകളുമാണ് നല്‍കുക. ഒരു ഗ്രോ ബാഗ് ഒരാഴ്ചക്കുള്ളില്‍ നിറയുകയും അടുത്ത ആഴ്ചക്കുള്ളില്‍ ഇത് വളമായി മാറുകയും ചെയ്യും.
സ്റ്റീല്‍ ബിന്നുകള്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ളതായിരിക്കും. നഗരസഭ നല്‍കിയിട്ടുള്ള വീട്ട് നമ്പറുമായി ബന്ധപ്പെട്ട ഒരു നമ്പര്‍ ബിന്നിന് നല്‍കും. വീട്ടുടമസ്ഥന്‍ വീടുമാറി നഗരത്തിന് പുറത്തുപോയാല്‍ അടുത്തുള്ള ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസില്‍ ബിന്‍ തിരിച്ചേല്‍പ്പിക്കണം. സ്റ്റീല്‍ ബിന്‍ നല്‍കുമ്പോള്‍ ഒരു രസീതും നഗരസഭ വീട്ടുകാര്‍ക്ക് നല്‍കും. 300 മുതല്‍ 500 വരെയായിരുന്നു പ്ലാസ്റ്റിക് ബിന്നുകളുടെ വില. വീട്ടുകാരില്‍ നിന്നും 200 രൂപ ഈടാക്കിയാണ് പ്ലാസ്റ്റിക് ബിന്നുകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ സ്റ്റീല്‍ ബിന്നുകള്‍ക്ക് ഒരെണ്ണത്തിന് 2000 രൂപ വരെ നല്‍കിയാണ് നഗരസഭ വാങ്ങുന്നത്.
അവ നല്‍കുമ്പോള്‍ വീട്ടുകാരില്‍ നിന്നും എത്ര രൂപ ഈടാക്കണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബിന്നുകളുടെ പരിപാലനത്തിനായി എന്‍ജിഒ കളെ ഏര്‍പ്പെടുത്തും. ഓരോ വീട്ടുകാരും ഇതിന് പ്രത്യേക ചാര്‍ജ്ജ് നല്‍കണം. മാലിന്യ സംസ്‌കരണ പദ്ധതികളിലുള്‍പ്പെടുത്തി റിസോഴ്‌സസ് റിക്കവറി സെന്ററുകള്‍ ആരംഭിക്കാന്‍ നഗരസഭ പദ്ധതിയിടുന്നുണ്ട്. എയ്‌റോബിക് ബിന്നുകള്‍ സംരക്ഷിക്കുന്നതിന് ഇത് സഹാകമാകും.
Next Story

RELATED STORIES

Share it