kozhikode local

മാലിന്യ സംഭരണ നീക്കത്തിനെതിരേ മാര്‍ച്ച്

വടകര: ജെടി റോഡില്‍ നഗരസഭ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പരിസരവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ച് നടത്തി. നാട്ടുകാര്‍ക്കു തീരാദുരിതം സമ്മാനിക്കുന്ന മാലിന്യ കേന്ദ്രം ഒരു കാരണവശാലും ഇവിടെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പുതുവര്‍ഷ ദിനത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ജാഥയില്‍ ധാരാളം സ്ത്രീകളും കുട്ടികളും അണിനിരന്നു.
സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരപരിധിയിലെ വിവിധ വാര്‍ഡുകളിലെ മാലിന്യമാണ് സംസ്‌കരണത്തിന അയക്കുന്നതിനു വേണ്ടി ജെടി റോഡില്‍ റെയില്‍പാളത്തിനരികില്‍ പഴയ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്ത സ്ഥലത്ത് എത്തിക്കുന്നത്. ഇതോടെ ഇവിടെ മിനി ട്രഞ്ചിംഗ് ഗ്രൗണ്ട് രൂപം കൊള്ളുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പൗരസമിതി വ്യക്തമാക്കി.
ജനവാസ കേന്ദ്രമായ ഇവിടെയുള്ളവര്‍ നേരത്തെ തന്നെ അറവ് ശാലയുടെയും ചോളം വയല്‍ ഡ്രെയിനേജിന്റെയും ദുരിതം പേറുന്നവരാണ്. ഇതിന് അറുതിക്കായി മുറവിളി കൂട്ടുന്നതിനിടയിലാണ് സീറോ വേസ്റ്റ് എന്ന പേരില്‍ മറ്റൊരു ദുരിതവുമായി മുനിസിപ്പല്‍ അധികാരികളുടെ വരവ്.
കേരള നദി തട സംരക്ഷണസമിതി ചെയര്‍മാന്‍ ടിവി രാജന്‍ സമരം ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ ഭരതന്‍ മാഷ് അധ്യക്ഷത വഹിച്ചു. കെകെ മഹമൂദ്, കെ എം പി.ഹാരിസ്, മുക്കോലക്കല്‍ ഹംസ, സവാദ്, എം ഫൈസല്‍ ,  എ പ്രേമകുമാരി  സംസാരിച്ചു.
Next Story

RELATED STORIES

Share it