kannur local

മാലിന്യ ശേഖരണ കേന്ദ്രം : വ്യാപകഎതിര്‍പ്പ്; ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ച



കണ്ണൂര്‍: ശുചീകരണ-മാലിന്യ സംസ്‌കരണ പദ്ധതികളോട് ചെറുകുന്നിലും കണ്ണപുരത്തും എതിര്‍പ്പ്. ചെറുകുന്നിലും കണ്ണപുരത്തും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെതിരേയാണ് പ്രതിഷേധമുയര്‍ന്നത്. ഇക്കാര്യം ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ നടക്കുന്ന ശുചീകരണ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ തുറന്ന മനസ്സോടെ സഹകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാരണം പരിസ്ഥിതി പ്രശ്‌നങ്ങളോ പൊതുജനാരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സനുമായ കെ വി സുമേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍, പ്ലാസ്റ്റിക് രഹിത വിവാഹം എന്നിവ പ്രോല്‍സാഹിപ്പിക്കണം. സ്ഥിരം മാലിന്യ സംസ്‌കരണ സംവിധാനമോ ഹരിത കര്‍മസേനാ രൂപീകരണമോ ആസൂത്രണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ സമഗ്ര മാലിന്യ സംസ്‌കരണത്തിന് വിശദമായ പ്രൊജക്ട് റിപോര്‍ട്ട്(ഡിപിആര്‍) തയാറാക്കണം. ജില്ലയില്‍ പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് മാത്രമാണ് ഡിപിആര്‍ തയാറാക്കിയത്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് മാതൃകയാക്കാവുന്നതാണ്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ നവംബര്‍ ഒന്നിന് തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്ഘാടനം ചെയ്യുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ പ്രസഹസനമാവുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കും പയ്യന്നൂര്‍ നഗരസഭയുടെ 2017-18 വര്‍ഷത്തെ 442.19 ലക്ഷം രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിനും യോഗം അംഗീകാരം നല്‍കി. ശേഷിച്ച പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഈ മാസം അവസാനം ആസൂത്രണ സമിതി വീണ്ടും യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലെ പുരോഗതി യോഗം അവലോകനം ചെയ്തു. സമ്പൂര്‍ണ ഒഡിഎഫ് നടപ്പിലാക്കിയതിന് കേന്ദ്ര സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകള്‍ക്ക് എഡിഎം ഇ മുഹമ്മദ് യൂസുഫ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അസി. മാനേജര്‍ സുധീഷ് വിശദീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it