malappuram local

മാലിന്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യം



മലപ്പുറം: ജില്ലയുടെ സമഗ്ര വികസനത്തിനുപദ്ധതി തയ്യാറാക്കുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനത്തിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണമെന്ന് ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനത്തിനു പദ്ധതി തയ്യാറാക്കുന്നതിന് ജനപ്രതിനിധികളുടെയും സംഘടനകളുടെയും അഭിപ്രായം സ്വരൂപിക്കുന്നതിന് ജില്ലാ പ്ലാനിങ് വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.  മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന വലിയ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര മുന്നേറാന്‍ കഴിഞ്ഞില്ല. ഇതിന് മേല്‍ നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ലാ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ജില്ലയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതികളാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പി കെ കുഞ്ഞാലിക്കുട്ടി എംപി  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വയം തൊഴില്‍ പദ്ധതികളില്‍ യുവാക്കളെ പ്രാപ്തമാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വേണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നൈപുണി വികസനത്തിനുവേണ്ടി മൂന്ന് ശതമാനം മാത്രമെ പദ്ധതികളെ നിവലവിലുള്ളു. ജില്ലകളില്‍ 200 കോടിയോളം തുകയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം ചെലവിടുന്നത്. പദ്ധതികള്‍ തയ്യാറാക്കലും നിര്‍വഹണവുമെന്ന പോലെ ആവശ്യമായ തുക ചെലവിടുന്നതിനുള്ള അധികാരവും ജില്ലകള്‍ക്ക് നല്‍കണമെന്ന ആശയം ചര്‍ച്ചയിലുണ്ടായി. ജില്ലയിലെ 80 കി.മീറ്ററോളം ദൈര്‍ഘ്യമുള്ള തീരദേശ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതി വേണം. ജില്ലയിലെ 80 ശതമാനം കിണറുകളിലും മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ളവ ഉണ്ടാവുന്ന സഹചര്യത്തില്‍ കുറഞ്ഞത് നാല് സെപ്റ്റിക് ട്രീറ്റ്‌മെന്റ് പ്ലാന്റുകളെങ്കിലും നിര്‍മിക്കണം. വേനല്‍ കാലങ്ങളില്‍ വര്‍ച്ചയെ ഫലപ്രഥമായി നേരിടുന്നതിന് നദികളില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ തടയണ നിര്‍മിക്കണം. ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കണം തുടങ്ങിയവയാണ് ജനപ്രതിനിധികള്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉപസമിതി പരിഗണിച്ച് പദ്ധതികളില്‍ ഉള്‍പ്പെടുത്തും. യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി വി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ പി ഉബൈദുല്ല, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംക്കുഴി അലി, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it