palakkad local

മാലിന്യസംസ്‌കരണം: നഗരസഭയ്ക്കും പാര്‍ട്ടികള്‍ക്കും സര്‍വത്ര ആശയക്കുഴപ്പം



പാലക്കാട്: മാലിന്യ സംസ്‌കരണ വിഷയം നഗരസഭ ഭരണാധികാരികള്‍ക്കും സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും കീറാമുട്ടിയാകുന്നു. കഴിഞ്ഞ തവണ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഫഌറ്റുകളില്‍ നിന്ന് മാലിന്യം ശേഖരിക്കേണ്ടെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുത്ത കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ ഇപ്പോള്‍ നിലപാടില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണിത്. ഫഌറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കണമെന്നാണ് സിപിഎം, കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫഌറ്റുകളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തലാക്കിയത്. കൂടാതെ, മാലിന്യസംസ്‌കരണത്തിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച തുമ്പനൂര്‍മുഴി പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നതിനും ഫഌറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വിവിധ പാര്‍ട്ടികളില്‍ നിന്നും ഫഌറ്റുകാരുടെ അസോസിയേഷനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിലപാട് മാറ്റാന്‍ നഗരസഭയും നിര്‍ബന്ധിതമായിരിക്കുകയാണ്. ഇപ്പോള്‍ തുമ്പനൂര്‍മൂഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള അപേക്ഷ ഫഌറ്റുകാരില്‍ നിന്നും സ്വീകരിക്കുന്നുണ്ട്. അതിനിടെ, നഗരപരിധിയിലുള്ള വീടുകള്‍, ഫഌറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളി ല്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂണിറ്റുകള്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. കുടുംബശ്രീ സേവനം ആവശ്യമുള്ളവര്‍ ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരെ അറിയിക്കണം. ഒരു കുടുംബശ്രീ യൂണിറ്റ് മൂന്നു വാര്‍ഡുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. 75 രൂപ മാസത്തില്‍ ഫീസായി നല്‍കണം. എന്നാല്‍, വീട്, ഫഌറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ സ്വീകരിക്കില്ല. മാലിന്യ സംസ്‌കരണ വിഷയം സര്‍വത്ര ആശയക്കുഴപ്പിലായിരിക്കെ, വിഷയം ചര്‍ച്ച ചെയ്യാന്‍ റസിഡന്‍ഷ്യല്‍ കോളനികളുടെ കേന്ദ്ര സംഘടനയായ കോളനി അസോസിയേഷന്‍ ഓഫ് പാലക്കാടിന്റെ യോഗം ഇന്നു വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്തിന് സമീപത്തെ അധാര്‍ഭവനില്‍ ചേരുന്നുണ്ട്.
Next Story

RELATED STORIES

Share it