malappuram local

മാലിന്യം ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്നു ; അനധികൃത കച്ചവടം ഒഴിപ്പിക്കുന്നതിനെതിരേ സംഘര്‍ഷം



എടപ്പാള്‍: നരിപ്പറമ്പില്‍ പൊതുസ്ഥലം കൈയേറി നടത്തുന്ന കച്ചവടങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാവിലെയായിരുന്നു പൊന്നാനി പോലിസിന്റെ സാന്നിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കടകളൊഴിപ്പിക്കാനായി സ്ഥലത്തെത്തിയത്. ഇറിഗേഷന്‍ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അധീനതയിലുള്ള സ്ഥലത്താണ് നൂറോളം പെട്ടിക്കടകള്‍ അടക്കമുള്ള കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കച്ചവട കേന്ദ്രങ്ങളിലെ മാലിന്യം ഭാരതപ്പുഴയിലേയ്ക്ക്് ഒലിച്ചിറങ്ങുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പും ഉദ്യോഗസ്ഥര്‍ കടകളൊഴിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ അന്ന് ഒരുവിഭാഗം കച്ചവടക്കാര്‍ ഒഴിപ്പിക്കലിനെതിരേ പ്രതിഷേധവുമായെത്തിയതോടെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. ഇന്നലെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ചെറുകിട കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ചാല്‍ പോരെന്നും പൊതുസ്ഥലം കൈയേറി കെട്ടിടങ്ങള്‍ പണിതതുംകൂടെ സര്‍വേ നടത്തി തിരിച്ചുപിടിക്കണമെന്നും  കച്ചവടക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന്്് റമദാന്‍-പെരുന്നാള്‍വരെ കച്ചവടം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയായിരുന്നു. റമദാന് ശേഷം പൊതുസ്ഥലത്തെ മുഴുവന്‍ കച്ചവടങ്ങളും ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ കടക്കാര്‍ക്ക് മുന്നറിയിപ്പുനല്‍കി.
Next Story

RELATED STORIES

Share it