World

മാലദ്വീപില്‍ അടിയന്തരാവസ്ഥ:അന്താരാഷ്ട്ര സമ്മര്‍ദമേറുന്നു

വാഷിങ്ടണ്‍: മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വനലിക്കാന്‍  പ്രസിഡന്റ് അബ്ദുല്ലാ യമീനിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദമേറുന്നു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍  ആശങ്ക അറിയിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ ആശങ്ക പങ്കുവച്ചു. ഇന്തോ-പെസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇതിനിടെ പ്രസിഡന്റ് അബ്ദുല്ലാ യമീന്റെ പ്രത്യേക പ്രതിനിധി ചൈനയിലെത്തി. മാലദ്വീപില്‍ സൈനിക വിന്യാസം നടത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രസിഡന്റ് ധനകാര്യമന്ത്രി മുഹമ്മദ് സഈദിനെ ചൈനയിലേക്കയച്ചത്. സഈദ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ദ്വീപസമൂഹം സാധാരണഗതിയിലേക്കു മടങ്ങുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന തത്ത്വത്തെ ചൈന മാനിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള ചൈനീസ് പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നു സഈദ് ചൈനയ്ക്ക് ഉറപ്പുനല്‍കി.  അതേസമയം, മാലദ്വീപ് വിഷയം ഇന്ത്യയുമായുള്ള മറ്റൊരു തര്‍ക്കവിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു ചൈന അറിയിച്ചു. മാലദ്വീപില്‍ പുറത്തുനിന്നുള്ള ശക്തികള്‍ ഇടപെടേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചൈന പ്രശ്‌നപരിഹാരത്തിന് ഇന്ത്യയുമായും ബന്ധപ്പെടുമെന്ന് അറിയിച്ചു.    എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷിന്റെ ആശങ്ക മാലദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസീമിനെ അറിയിച്ചതായി യുഎന്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഭരണഘടനയും നിയമവ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കണമെന്നു ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഗുത്തേറഷ് അറിയിച്ചിരുന്നു. യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ സെയ്ദ് അല്‍ ഹുസയ്‌നും യമീന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  ജയിലില്‍ കഴിയുന്ന ഒമ്പതു പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന സുപ്രിംകോടതി വിധി വന്നതിനു പിന്നാലെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. തുടര്‍ന്ന്, സര്‍ക്കാര്‍ രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെ  സുപ്രിംകോടതി ജഡ്ജിമാരായ അബ്ദുല്ല സയ്യിദ്, അലി ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story

RELATED STORIES

Share it