Second edit

മാര്‍ക്‌സിന്റെ കാലം



കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയോടെ കാള്‍ മാര്‍ക്‌സിന്റെ കാലം കഴിഞ്ഞുവെന്നാണ് പലരും കണക്കുകൂട്ടിയത്. എന്നാല്‍, മുതലാളിത്ത സമൂഹത്തിന്റെ കാവല്‍ഭടനായി ഒന്നരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ലണ്ടനിലെ ദ ഇക്കണോമിസ്റ്റ് പറയുന്നത്, മാര്‍ക്‌സിന്റെ കാലം അങ്ങനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ല എന്നാണ്. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്, മുതലാളിത്തലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. നിക്ഷേപങ്ങള്‍ നടക്കുകയും സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നുണ്ട്. എന്നാല്‍, സമ്പത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നത് സമൂഹത്തിനു പ്രയോജനം ചെയ്യുന്നില്ല. സമ്പത്ത് പരിമിതമായ ഒരു വരേണ്യവിഭാഗത്തിന്റെ കരങ്ങളില്‍ ഒതുങ്ങുകയാണ്. സ്ഥാപനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്ന മാന്യന്മാരുടെ കുതിച്ചുയരുന്ന വേതനഘടനയാണ് ഇതിന് ഒരു ഉദാഹരണം. 1980ല്‍ ലോകത്തെ 100 പ്രമുഖ കമ്പനികളുടെ തലപ്പത്തുള്ളവര്‍ വാങ്ങിയ തുക താഴേക്കിട ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ഇരട്ടിയായിരുന്നു. എന്നാല്‍ 2016ലെ കണക്കുകള്‍പ്രകാരം, മേല്‍ത്തട്ടിലുള്ളവരുടെ വരുമാനം താഴെയുള്ളവന്റെ വരുമാനത്തിന്റെ 130 ഇരട്ടിയായി കുതിച്ചുയര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍, മാര്‍ക്‌സ് പറഞ്ഞപോലെ, മിച്ചമൂല്യം സ്വന്തം കീശയിലാക്കാനാണ് സ്ഥാപനങ്ങളുടെ ഉടമകളും മേധാവികളും ശ്രമിക്കുന്നത്. അടിത്തട്ടിലുള്ളവന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുകയാണ്. അങ്ങനെ പോയാല്‍ വിപ്ലവം വരുമെന്നാണ് മാര്‍ക്‌സ് സിദ്ധാന്തിച്ചത്. വിപ്ലവം എന്നത് അസാധ്യമായ കാര്യമാണ് എന്ന ചിന്ത മുതലാളിത്ത ലോകം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് ഇക്കണോമിസ്റ്റ് ഉപദേശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it