kozhikode local

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം; എംപിയുടെ നേതൃത്വത്തില്‍ നിവേദക സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 18ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുമ്പില്‍ നടക്കുന്ന കൂട്ട ഉപവാസ  സമരം വിജയിപ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ അളകാപുരിയില്‍ സമരസഹായ സമിതിയുടെ വിപുലമായ യോഗം ചേര്‍ന്നു.
സമരസഹായസമിതി പ്രസിഡണ്ട് തായാട്ട് ബാലന്‍ അധ്യക്ഷത വഹിച്ചു. സമരത്തിന്റെ മുമ്പ് റോഡ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഒരിക്കല്‍കൂടി നിവേദനം നല്‍കാന്‍ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ എം കെ രാഘവന്‍ എംപി മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ഇന്ന് രാവിലെ 11.30 ന് ഗസ്റ്റ് ഹൗസില്‍ വെച്ച് കാണാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ എംപിയുടെ നേതൃത്വത്തില്‍ അഡ്വ.പി ശങ്കരന്‍, കവി പി കെ ഗോപി, ഗ്രോ വാസു, പി വി ഗംഗാധരന്‍, ഡോ.കെ മൊയ്തു, സി ജെ റോബിന്‍, അഡ്വ. തോമസ് മാത്യു, പി കിഷന്‍ചന്ദ്, ആര്‍ ജി രമേശ്, പി എം കോയ, പി വി നവീന്ദ്രന്‍, കെ പി വിജയകുമാര്‍, സി വീരാന്‍കുട്ടി, ഇ പ്രശാന്ത്കുമാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ.മാത്യു കട്ടിക്കാന, എം പി വാസുദേവന്‍ എന്നിവരടങ്ങുന്ന നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. അവശത വകവെക്കാതെ എം ജി എസ് നാരായണന്‍ ഇന്നലെയും യോഗത്തില്‍ സംബന്ധിച്ചു.
18ന് നടക്കുന്ന കൂട്ട ഉപവാസ സമരത്തില്‍ എം ജി എസിനോടൊപ്പം തായാട്ട് ബാലന്‍, ഡോ.എ അച്യുതന്‍, ഗ്രോ വാസു, സി ജെ റോബിന്‍ എന്നിവര്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കാനും യോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it