wayanad local

മാനന്തവാടി രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം അപകടാവസ്ഥയില്‍



മാനന്തവാടി: ബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്മാരകങ്ങളിലൊന്നായി ഇപ്പോഴും നിലനില്‍ക്കുന്ന മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ജീര്‍ണിച്ച് അപകടാവസ്ഥയില്‍. 1865ലാണ് ജില്ലാ ആശുപത്രിക്കുന്നില്‍ പഴശ്ശി കുടീരത്തിനോട് ചേര്‍ന്നു കെട്ടിടം നിര്‍മിച്ചത്. ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടം രജിസ്ട്രാര്‍ ഓഫിസായി പ്രവര്‍ത്തിച്ചുവരികയാണ്. ഇത്രയും കാലത്തിനിടെ തനിമ നഷ്ടപ്പെടാതെ രണ്ടുതവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലം ടൈല്‍സ് പാകുക മാത്രമാണ് മോടികൂട്ടലായി നടന്നത്. പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ ചിതലരിച്ച് ഓടുകള്‍ ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. മഴക്കാല മാവുന്നതോടെ കെട്ടിടം ചോര്‍ന്നൊലിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ നശിക്കാനിടയായേക്കും. പ്രതിമാസം മുന്നൂറോളം ആധാരങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എട്ടു ജീവനക്കാരാണ് ഈ ഓഫിസില്‍. ഇവര്‍ ജീവന്‍ പണയംവച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ചുറ്റുമതിലുണ്ടെങ്കിലും പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. അറ്റകുറ്റപ്പണികള്‍ക്കായി 5,25,000 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഉദാസീനത മൂലം ഈ മഴയ്ക്കു മുമ്പ് പണി നടക്കില്ലെന്ന് ഉറപ്പായി. അതിനാല്‍ ഈ മഴക്കാലത്തും ജീവനക്കാര്‍ക്ക് ദുരിതങ്ങള്‍ മാത്രമായിരിക്കും കൂട്ട്. കെട്ടിടം പുരാവസ്തു വകുപ്പിന് കൈമാറി തനിമ കൈവിടാതെ സംരക്ഷിക്കണമെന്നും രജിസ്ട്രാര്‍ ഓഫിസ് കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നും ആവശ്യമുരുന്നുണ്ടെങ്കിലും ഇതുവരെ യാതൊരുനീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇതേ കാലയളവില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മാനന്തവാടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസ് പൈതൃക പട്ടികയിലുള്‍പ്പെടുത്തി വനംവകുപ്പ് തന്നെ സംരക്ഷിക്കാനും, നബാര്‍ഡില്‍ നിന്നുള്ള 50 ലക്ഷം രൂപ വിനിയോഗിച്ച് വനംവകുപ്പിന് പുതിയ കെട്ടിടം നിര്‍മിക്കാനും കഴിഞ്ഞ വര്‍ഷം തീരുമാനിക്കുകയും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it