wayanad local

മാനന്തവാടി പഴശ്ശികുടീരം പൈതൃക മ്യൂസിയമാക്കും: മന്ത്രി

മാനന്തവാടി: പഴശ്ശികുടീരവും അനുബന്ധിച്ചുള്ള നിലവറ മ്യൂസിയവും ജില്ലാ പൈതൃക മ്യൂസിയമാക്കുമെന്നു തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പഴശ്ശികുടീരത്തില്‍ നടന്ന 212ാമത് പഴശ്ശി അനുസ്മരണ ദിനാചരണവും ചരിത്ര സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൈതൃക മ്യൂസിയമാക്കുന്നതിനായി നിലവിലെ മ്യൂസിയം നവീകരിച്ച് കൂടുതല്‍ പൈതൃക വസ്തുക്കളും വിവരണങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് ധീരദേശാഭിമാനിയായിരുന്ന പഴശ്ശിരാജയുടെ ത്യാഗോജ്വലമായ പോരാട്ടവീര്യം ജനതയ്ക്ക് ആവേശം നല്‍കുന്നതോടൊപ്പം സ്മരിക്കപ്പെടേണ്ടതാണെന്നു മന്ത്രി പറഞ്ഞു. പഴശ്ശികുടീരത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പുരാവസ്തു എജ്യുക്കേഷന്‍ ഓഫിസര്‍ ടി കെ കരുണാദാസ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഒ ആര്‍ കേളു എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളും മാനന്തവാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്, സ്‌കൗട്ട്, ബാന്‍ഡ് യൂനിറ്റ് അംഗങ്ങളും വിദ്യാര്‍ഥികളും പഴശ്ശികുടീരത്തിലേക്ക് പദയാത്രയും സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന ചരിത്ര സെമിനാറില്‍ ഡോ. എം ടി നാരായണന്‍, ഡോ. പി വല്‍സലകുമാരി എന്നിവര്‍ പഴശ്ശിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തി.
Next Story

RELATED STORIES

Share it