kozhikode local

മാധ്യമ സംസ്‌കാരം പുനര്‍നിര്‍വചിക്കപ്പെടണം: ഗൗരിദാസന്‍ നായര്‍

ഫറോക്ക്: വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ മാധ്യമ സംസ്‌കാരം പുനര്‍നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി ഗൗരിദാസന്‍ നായര്‍. ഫാറൂഖ് കോളജില്‍ നടന്നു വരുന്ന കേരളഹിസ്റ്ററി കോണ്‍ഗ്രസ് മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തനം കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് വഴിമാറുമ്പോള്‍ നവ മാധ്യമങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുന്നതാണ്. കൊളോണിയല്‍ ആധിപത്യം നിലനിന്നപ്പോഴും മാധ്യമ പ്രവര്‍ത്തകന്റെ ധര്‍മം വെല്ലുവിളിയായി ഏറ്റെടുത്ത വ്യക്തിയായിരുന്നു മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബ് എന്നും അദ്ദേഹം അനുസ്മരിച്ചു.  കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ വി കോര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം ഗോവിന്ദന്‍ അനുസ്മരണ പ്രഭാഷണം ഡോ. എം എം  ബഷീറും കെ കെ  മുഹമ്മദ് അബ്ദുല്‍ കരീം അനുസ്മരണ പ്രഭാഷണം ഹൈദരബാദ് സര്‍വകലാശാല പ്രഫ. എം ടി അന്‍സാരിയും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഗവേഷകരും വിദ്യാര്‍ഥികളുടെയും വിവിധ പ്രബന്ധാവതരണങ്ങള്‍ നടന്നു. കേരള ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രം എന്ന ശീര്‍ഷകത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. പ്രഫ. രാഘവ വാര്യര്‍, ഡോ. വി കുഞ്ഞാലി, പ്രഫ. ടി ജമാല്‍ മൂഹമ്മദ്, ഡോ. ഹുസ്സൈന്‍ രണ്ടത്താണി, നതര്‍ലാന്റ് ലെയ്ഡന്‍ സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി ഒ അബ്ദുല്‍ റഉഫ് പങ്കെടുത്തു. ഡോ. പി പി  അബ്ദുറസാക്ക് മോഡറേറ്ററായി. ഫാറൂഖ് കോളജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. എം നിസാര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സെഷനില്‍ ഡോ. കേശവന്‍ വെളുത്താട്ട് പ്രഭാഷണം നടത്തി. യുഎസ്എ പെനിസില്‍ വാലിയ യൂനിവേഴ്‌സിറ്റി പ്രഫ. ദാവൂദ് അലി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികളുടെ കലാവിരുന്നും ഒരുക്കി. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യതിഥിയാവും.
Next Story

RELATED STORIES

Share it