malappuram local

മാധ്യമ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങാത്തവര്‍ക്കെതിരേ കര്‍ശന നടപടി

മലപ്പുറം: നിയമസഭാ തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡീയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി) നോഡല്‍ ഓഫിസറില്‍ നിന്നു അനുമതി വാങ്ങണമെന്നും അല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും എഡിഎം ബി കൃഷ്ണകുമാര്‍ അറിയിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി നല്‍കുന്ന പരസ്യങ്ങള്‍ക്കെല്ലാം അനുമതി വാങ്ങണം. പരസ്യം പ്രചരിപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എഡിഎമ്മാണ് എംസിഎംസി നോഡല്‍ ഓഫിസര്‍. സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, എന്നിവ സഹിതമാണ് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പത്രം/മാസിക, സര്‍ക്കുലേഷന്‍, പരസ്യത്തിന്റെ വലിപ്പം, പരസ്യം നല്‍കുന്നതിനുള്ള തുക തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയിലാണ് അപേക്ഷിക്കേണ്ടത്.
ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ വിഭാഗത്തില്‍ സോഷ്യല്‍ മീഡിയയും ഉള്‍പ്പെടുന്നതിനാല്‍ ഇവയിലൂടെയുള്ള പരസ്യങ്ങള്‍ക്കും ബള്‍ക്ക് എസ്എംഎസ്-വോയ്‌സ് മെസേജുകള്‍ എന്നിവയ്ക്കും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെയുള്ള പരസ്യങ്ങള്‍ സമിതി കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കും. വിഡിയോ വാള്‍, റേഡിയോ, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. വിക്കിപീഡിയ പോലുള്ള കൊലാബറേറ്റീവ് പ്രൊജക്റ്റ്‌സ്, ബ്ലോഗ്- മൈക്രോ ബ്ലോഗുകള്‍, യൂ ട്യൂബ് പോലുള്ള കണ്‍ടെന്റ് കമ്മ്യൂണിറ്റീസ്, സോഷല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍, വെര്‍ച്ച്വല്‍ ഗെയിം വേള്‍ഡുകള്‍ എന്നിവ സോഷല്‍ മീഡിയ വിഭാഗത്തില്‍ ഉള്‍പ്പെടും. പണം നല്‍കി വാര്‍ത്ത നല്‍കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള നല്‍കുന്ന പരസ്യങ്ങളും മറ്റ് പ്രചാരണങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് പെയ്ഡ് ന്യൂസ് ഒബ്‌സര്‍വറുടെ കര്‍ശന നിര്‍ദേശമുണ്ട്. എംസിഎംസി സെല്ലില്‍ 22 മുതല്‍ ഇതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോമിനേഷന്‍ അപേക്ഷയില്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാനാര്‍ഥി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ് സൈറ്റുകള്‍ക്കും പരസ്യത്തിനായി നല്‍കിയ തുക, വെബ് സൈറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയതിനുള്ള തുക, ഉള്ളടക്കം തയ്യാറാക്കുന്നവര്‍ക്ക് നല്‍കുന്ന വേതനം എന്നിവ ഉള്‍പ്പെടുത്തണം. ഇതിനു വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് കുറ്റങ്ങളിലുള്‍പ്പെടുത്തി രണ്ട് വര്‍ഷത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it