Flash News

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും പോലിസ് മര്‍ദിച്ചതായി ആരോപണം

കൊച്ചി: മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തായ ഫോട്ടോഗ്രാഫറെയും പോലിസ് മര്‍ദിച്ചതായി ആരോപണം. നാരദാ ന്യൂസ് വെബ്‌സൈറ്റിലെ റിപോര്‍ട്ടറായ പ്രതീഷ് രമയും സുഹൃത്തും ഫോട്ടോഗ്രാഫറുമായ അമൃത ഉമേഷുമാണ് നോര്‍ത്ത് പോലിസിന്റെ അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതീഷിന്റെ വസതിയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോവുന്നതിനിടെ അമൃതയെ മാതൃഭൂമി ജങ്ഷന് സമീപത്തുനിന്നാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനു ശേഷം സംസാരിക്കാനായി പ്രതീഷിനെ പോലിസ് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവര്‍ക്കും നേരെ പോലിസ് അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതീഷ് പറയുന്നു. ജാതിയടക്കം പറഞ്ഞാണ് പോലിസ് അപമാനിച്ചത്. പോലിസ് കസ്റ്റഡിയില്‍ എടുത്ത പ്രതീഷിനെ വിവസ്ത്രനാക്കിയാണ് ലോക്കപ്പില്‍ ഇട്ടത്.
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ പ്രതീഷിനെ സുഹൃത്തുക്കളാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമൃതയുടെ സ്വകാര്യ ഡയറി അടക്കം പോലിസ് പരിശോധിച്ചു. ഇരുവര്‍ക്കുമെതിരായ പോലിസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഹൈക്കോര്‍ട്ട് ജങ്ഷനില്‍ നിന്ന് നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നു.
Next Story

RELATED STORIES

Share it