wayanad local

മാധ്യമങ്ങളെ ചീത്തവിളിച്ച് പ്രതികളുടെ പ്രകടനം

കല്‍പ്പറ്റ: ടൗണിലെ ബസ്‌സ്‌റ്റോപ്പില്‍ രാത്രി ബസ് കാത്തുനിന്ന പിതാവിനെയും പെണ്‍മക്കളെയും അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളടക്കമുള്ള ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ മാധ്യമങ്ങളെ ചീത്തിളിച്ച് പ്രകടനം നടത്തി. ഇന്നലെ വൈകീട്ട് ടൗണില്‍ നടത്തിയ പ്രകടനത്തില്‍ ഇരുപതോളം ഓട്ടോഡ്രൈവര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനിടെ, പ്രകടനം നടത്തണമോ എന്നതു സംബന്ധിച്ച് ഓട്ടോഡ്രൈവര്‍മാരില്‍ അഭിപ്രായഭിന്നതയുണ്ടായത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ നാമമാത്ര ഓട്ടോഡ്രൈവര്‍മാര്‍ പ്രകടനം നടത്തുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.
ഫെബ്രുവരി 28നു രാത്രി ബെംഗളൂരുവിലേക്ക് പോവാന്‍ ബസ് കാത്തുനിന്ന മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവിന്റെ പരാതി പ്രകാരമാണ് പോലിസ് കേസെടുത്തത്. സുരേഷ് ബാബുവിന്റെ പരാതിയും അതേത്തുടര്‍ന്നുണ്ടായ അറസ്റ്റും റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ ചീത്തവിളിച്ച് സംഭവം ഒതുക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. സംഭവത്തില്‍ ആറ് ഓട്ടോഡ്രൈവര്‍മാരാണ് അറസ്റ്റിലായത്. കല്‍പ്പറ്റ ടൗണില്‍ ഓടുന്ന മുഴുവന്‍ ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാര്‍ക്ക് ഏറെ അപമാനം വരുത്തിവച്ച ചില ഡ്രൈവര്‍മാരുടെ നടപടിയില്‍ പൊതുവേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടെയുള്ളവര്‍ ആരാണെന്ന ചോദ്യവുമായാണ് ഡ്രൈവര്‍മാര്‍ എത്തിയതെന്നും മക്കളാണെന്ന് അറിയിച്ചിട്ടും അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. മുമ്പ് കൈനാട്ടിയില്‍ വച്ച് ലോറി ഡ്രൈവറുടെ തല അടിച്ചുപൊളിച്ചതും കല്‍പ്പറ്റയിലെ ചില ഓട്ടോഡ്രൈവര്‍മാരായിരുന്നു.
ഈ വിഷയത്തില്‍ പോലിസ് അന്വേഷണം കാര്യമായി നടന്നില്ല. ഒന്നിലധികം വിവാദ വിഷയങ്ങളുണ്ടായ സാഹചര്യത്തില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പോലിസ് നിരീക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it