kannur local

മാതമംഗലത്ത് മലവെള്ളപ്പാച്ചിലില്‍ വന്‍ കൃഷിനാശം



പയ്യന്നൂര്‍: കനത്ത മഴയെ തുടര്‍ന്ന്് മാതമംഗലം പെരുവാമ്പയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷിനാശം. പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പുരക്ക് സമീപമാണ് ഇന്നലെ രാവിലെ ആറോടെ മലവെള്ളപ്പാച്ചിലുണ്ടായത്. സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കെട്ടിക്കിടന്ന വെള്ളം കുത്തിയൊലിച്ച്് ഒഴുകുകയായിരുന്നു. ആദ്യം ഉരുള്‍പൊട്ടലാണെന്നായിരുന്നു സമീപവാസികള്‍ കരുതിയിരുന്നത്. കരിങ്കല്‍ ക്വാറിക്കെതിരെ ജനങ്ങളില്‍ നിന്നു എതിര്‍പ്പുണ്ടായപ്പോള്‍ പഴയ ക്വാറികളുടെ ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയിരുന്നു. ഇതോടെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിനാല്‍, നികത്താത്ത സ്ഥലങ്ങളിലുള്‍പ്പെടെ കെട്ടിക്കിടന്നിരുന്ന വന്‍ജലാശയമാണ് ഭീകരമായ ശബ്്ദത്തോടെ താഴേക്ക് കുത്തിയൊഴുകിയത്. മലവെള്ളപ്പാച്ചിലില്‍ തളിയില്‍ അശോകന്റെ പശുത്തൊഴുത്ത് ഒഴുകിപ്പോയി. തൊഴുത്തിലുണ്ടായിരുന്ന പശു വെള്ളമൊഴുക്കില്‍ തന്നെ പ്രസവിക്കുകയും പശുക്കിടാവ് തൊട്ടടുത്ത പഞ്ചായത്ത് കിണറില്‍ വീഴുകയും ചെയ്തു. വി എം ഉക്കാസ്, പി പി ഗോവിന്ദന്‍, ഉസ്മാന്‍ എന്നിവരുടെ കൃഷിയിടത്തില്‍ നാശനഷ്ടമുണ്ടായി. തെങ്ങ്, കമുക്, വാഴ എന്നിവ നശിച്ചു. ഒന്നര മീറ്ററോളം താഴ്ചയില്‍ 200മീറ്ററോളം മണ്ണ് ഒലിച്ചുപോയി. അടിമണ്ണിളകി മരങ്ങള്‍ വേരില്‍ മാത്രം നില്‍ക്കുകയാണ്. ഉസ്്മാന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. നിരവധി സ്‌കൂള്‍ കുട്ടികളും കര്‍ഷക തൊഴിലാളികളും ഉപയോഗിക്കുന്ന റോഡ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. സ്ഥലം സന്ദര്‍ശിച്ച എരമം-കുറ്റൂര്‍ പ്ഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യാപലന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. എന്നാല്‍ ക്വാറിയുടെ അനുമതിയുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ എട്ടുമാസം മുമ്പ് സ്റ്റോപ്പ് മെമ്മോ കൊടുത്തുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ അഭിപ്രായം. സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ കമലാക്ഷന്‍ പറയുന്നത് ഇവര്‍ക്ക് ജിയോളജി എക്‌സ്‌പ്ലോസീവ് അനുമതിയുണ്ടെന്നും പരിസ്ഥിതി അനുമതിയില്ലെന്നുമാണ്. അതേസമയം പെരിങ്ങോം പോലിസ് അധികൃതര്‍ക്ക്് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെക്കുറിച്ച് അറിവുമില്ല.
Next Story

RELATED STORIES

Share it