Flash News

മാണി ബിജെപിയുമായി കൂടില്ലെന്ന് എന്താണ് ഉറപ്പ്?; ഒരേസമയം ബിജെപിയുമായും യുഡിഎഫുമായും വിലപേശിയെന്ന് സുധീരന്‍

തൃക്കരിപ്പൂര്‍: യുഡിഎഫില്‍ വന്നിട്ടും സമദൂരം പറയുന്ന കെ എം മാണി ബിജെപിയുമായി കൂട്ടുകൂടില്ലെന്ന് എന്താണ് ഉറപ്പെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ചോദിച്ചു. എല്ലാ കക്ഷികളോടും സമദൂരമെന്നാണ് മാണിസാര്‍ പറയുന്നത്. ബിജെപിയോടും സമദൂരമാണോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരില്‍ കെ വെളുത്തമ്പു അനുസ്മരണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11 മാസം ബാക്കിയുള്ളപ്പോള്‍ ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയക്കുന്നത് ജനവിധി തേടുന്നതിലുള്ള ഭീതി കൊണ്ടാണ്. മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പുകാലത്ത് ഒരേസമയം യുഡിഎഫുമായും ബിജെപിയുമായും സിപിഎമ്മുമായും വിലപേശിയിട്ടുണ്ട്. അവസരം ഒത്തുവന്നാല്‍ അദ്ദേഹം യുപിഎയെ തള്ളിപ്പറഞ്ഞ് ബിജെപിയില്‍ ചേരില്ലെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ എന്ന് സുധീരന്‍ ചോദിച്ചു.
യുഡിഎഫ് വിട്ടുപോകുമ്പോള്‍ മാണി നടത്തിയ നിശിതമായ വിമര്‍ശനം നിലനില്‍ക്കുകയാണ്. അത് പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഒരു ലോക്‌സഭാ സീറ്റ് നഷ്ടപ്പെടുത്തുക വഴി എന്‍ഡിഎ അനുകൂല സാഹചര്യമാണ് പുതിയ രാജ്യസഭാംഗത്വത്തോടെ സംജാതമായിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുവെങ്കിലും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അവിടെ വോട്ട് കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിശ്വാസ്യത തെളിയിക്കാനുള്ള ബാധ്യത മാണിക്കുണ്ട്.
കോണ്‍ഗ്രസ്സിനു കിട്ടേണ്ടിയിരുന്ന സീറ്റ് അധാര്‍മികമായി കൈയടക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ നിര്‍ണായക സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് കൈക്കലാക്കിയത്. തന്നെ ഉപദേശിക്കുന്ന കെ എം മാണി കണ്ണാടിയില്‍ നോക്കി ആത്മവിമര്‍ശനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it