Kollam Local

മാണി പോകുമെന്ന് വിഎസ് പറഞ്ഞ നരകം എകെജി സെന്റര്‍ ആണോയെന്ന് ഷിബുബേബിജോണ്‍



കൊല്ലം: ആര്‍എസ്പിക്ക് മുന്നണിവിടേണ്ട സാഹചര്യം നിലവിലില്ലെന്നും അതിന് ആര്‍എസ്പിയെ കിട്ടില്ലെന്നും ഏതു സാഹചര്യത്തിലും യുഡിഎഫിനൊപ്പം  നിലകൊള്ളുമെന്നും  ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. മാണിയെ യുഡിഎഫിന് വേണമോയെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്പിയുടെ സംസ്ഥാന കമ്മിറ്റിയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ജില്ലാ പഞ്ചായത്ത് ഭരണം വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. പുതിയ കൂട്ടുകെട്ട് പ്രകടമായ സാഹചര്യത്തിലാണ് ആര്‍എസ്പി ഉള്‍പ്പടെയുള്ള യുഡിഎഫ് ഘടകക്ഷികളെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ബാര്‍കോഴ ഉള്‍പ്പെട്ട അഴിമതിയില്‍ ഇടതു മുന്നണിനേതാക്കളോ കെ എം മാണിയോ കള്ളം പറയുകയായിരുന്നുവെന്ന് തെളിഞ്ഞതെന്നും ഷിബു ആവര്‍ത്തിച്ചു. സരിതാ കേസ് യുഡിഎഫിനെ ബാധിച്ചില്ലായെന്ന് തുടര്‍ന്ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നുണ്ട്. ബിജു രമേശ് അഴിച്ചുവിട്ട കടുത്ത ആരോപണങ്ങള്‍ക്ക്  മാണി നല്‍കിയ ഉറച്ച മറുപടി തികച്ചും പച്ച കള്ളമെന്നാണ്. ഒടുവില്‍ വിധി വന്ന സമയത്ത് വി എസ് പ്രതികരിച്ചത്  ഇനി മാണി കെടാത്ത തീയും ചകാത്ത പുഴുക്കളുമുള്ള സ്ഥലത്തായിരിക്കുമെന്നാണ്. ഇപ്പോള്‍ വി എസ് ഉന്നയിച്ച  ആ നരകം എകെജി സെന്ററണെന്ന് ബോധ്യമായതായി ഷിബു ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തിയ ബാര്‍ കേസില്‍ 418 ബാറുകള്‍ തുറക്കാന്‍ ഒരു കോടി മാണി കൈപ്പറ്റിയെന്നായിരുന്നു സിപിഎം ആരോപിച്ചത്. പിന്നീട് ത്രീസ്റ്റാര്‍ ബാര്‍ തുറക്കുന്നതിനും ലക്ഷങ്ങളും  പൂട്ടിയത് തുറക്കുന്നതിന് രണ്ടുകോടി നെടുമ്പശ്ശേരിയില്‍ വെച്ചും കൈമാറിയെന്നും ആരോപിച്ച്  സിപിഎം പ്രക്ഷോഭ പരമ്പര നടത്തി. ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് ശക്തമായി വാദിച്ച മാണിയുടെ വാക്കുകളെ തങ്ങളുള്‍പ്പടെയുള്ള യുഡിഎഫ് പൂര്‍ണ്ണമായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാടിനോട് ആര്‍എസ്പിക്ക് പൂര്‍ണ യോജിപ്പാണ്. കുരിശ് കണ്ടാല്‍ സാത്താന്‍ ഭയക്കുമെന്ന് കേട്ടിട്ടുണ്ട്. ഇരട്ടചങ്കനായ പിണറായി വിജയന്‍ ഇത്രക്ക് ഭയമുള്ള മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന ക്രൈസ്തവസഭകള്‍  തള്ളിക്കളഞ്ഞ കൂട്ടായ്മയാണെന്നും അവരുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഷിബുബേബിജോണ്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it