Flash News

മഹാരാജാസിലെ ആയുധശേഖരം : കണ്ടെടുത്തത് വാര്‍ക്കകമ്പിയെന്ന് മുഖ്യമന്ത്രി ; ന്യായീകരണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി



തിരുവനന്തപുരം: മഹാരാജാസ് കോളജിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയത് വടിവാളോ, ബോംബോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ സെന്‍ട്രല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മുറിയിലെ കട്ടിലിനടിയില്‍ നിന്നും നിര്‍മാണപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാര്‍ക്കകമ്പി, പലകക്കഷണം, റബര്‍പിടി വച്ച് തുണിചുറ്റിയ പൈപ്പ്, വെട്ടുകത്തി, ഏണി എന്നിവയാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോസ്റ്റല്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്റ്റാഫ് ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍, മധ്യവേനലവധി ആയതിനാല്‍ ഇവിടെ താമസിച്ചിരുന്ന ആറുകുട്ടികള്‍ കഴിഞ്ഞ 30ന് മുറിയൊഴിഞ്ഞ് പോയിരുന്നു.  പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുറിയില്‍ കണ്ടെത്തിയ വസ്തുക്കള്‍ മറ്റാരോ കൊണ്ടുവച്ചതാവാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോസ്റ്റലിന് സമീപം നിര്‍മാണപ്രവര്‍ത്തനം നടക്കുന്നുണ്ട്. കണ്ടെത്തിയ സാധനങ്ങള്‍ പലതും അവിടെനിന്നുള്ളതാണ്. ആരാണ് കൊണ്ടുവന്നതെന്ന് പരിശോധിക്കും. ഇതിന്റെ പേരില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. വടിവാളും ബോംബും കണ്ടെത്തിയിട്ടില്ല. ഇല്ലാത്തകാര്യം എന്തിനാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കലാലയങ്ങള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളല്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചകേസില്‍ കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തു. യൂനിവേഴ്‌സിറ്റി കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, തൃശൂര്‍ ലോ കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ് എന്നിവിടങ്ങളിലെ അക്രമസംഭവങ്ങളിലും വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. അക്രമങ്ങളില്‍ നടപടിയെടുക്കുന്നതില്‍ പോലിസ് അമാന്തം കാണിച്ചിട്ടില്ല. തെറ്റു ചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാവും. പ്രതിപക്ഷം ഉന്നയിക്കുന്നവരുടെ പേരിലെല്ലാം നടപടിയെടുക്കാന്‍ കഴിയില്ല. ഈ സംഭവത്തില്‍ ബാഹ്യഇടപെടീല്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുകണക്കിന് മഹാരഥന്‍മാര്‍ പഠിച്ചിറങ്ങിയ മഹാരാജാസ് കോളജ് സാമൂഹിക വിരുദ്ധരുടേയും ക്രിമിനലുകളുടേയും താവളമായി മാറിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പി ടി തോമസ് ആരോപിച്ചു. രാത്രികാലങ്ങളില്‍ കാംപസില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച കേസില്‍ കുറ്റക്കാരെന്ന് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയ 11 അധ്യാപകര്‍ക്കെതിരേ കേസെടുക്കണം. കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐയും എബിവിപിയും അരാജകത്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കോളജുകളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്നും തെറ്റായ പ്രവണതകളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നതു നല്ലതല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനു പിന്നാലെ മാണി വിഭാഗവും വിഷയത്തില്‍ വാക്കൗട്ട് നടത്തി.
Next Story

RELATED STORIES

Share it