മസ്തിഷ്‌കമരണം സംഭവിച്ച എസ്‌ഐയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ എറണാകുളം വടവുകോട് സ്വദേശി പിണര്‍മുണ്ട മലയില്‍ വീട്ടില്‍ എം വി ജോര്‍ജിന്റെ(55) അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഐഎസ്എല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ജോര്‍ജിനു മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.
തുടര്‍ന്നു ബുധനാഴ്ച കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. എങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമവും വിഫലമായി.
ഇന്നലെ പുലര്‍ച്ചെ 2.30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിനു സമ്മതം അറിയിച്ചത്. തുടര്‍ന്ന് കരളും കോര്‍ണിയയും വീണ്ടെടുത്തു. അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കാണ് കരള്‍ ദാനംചെയ്തത്. കോര്‍ണിയകള്‍ അമൃത ആശുപത്രിയിലെ നേത്രബാങ്കിലേക്കു മാറ്റി.
വടവുകോട് കീരിക്കാട്ടില്‍ കുടുംബാംഗമായ ഭാര്യ ലാലി ജോര്‍ജ് വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്ലാര്‍ക്ക് ആണ്. മക്കള്‍: ജെറിന്‍ ജോര്‍ജ് (കുമരകം ലേക്ക് റിസോര്‍ട്ട്), ജെറീന ജോര്‍ജ് (കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി). സംസ്‌കാരം ഇന്ന് രാവിലെ 11ന് ബ്രഹ്മപുരം ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.
ഇന്നലെ ഉച്ചയ്ക്കു 12നു സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എഡിജിപി കെ പത്മകുമാര്‍, ഐജി എം ആര്‍ അജിത്ത്കുമാര്‍, സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശ്, ഡിസിപി ഹരിശങ്കര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it