Kollam Local

മഴ കാത്ത് കിഴക്കന്‍ മേഖലയിലെ തമിഴ് അതിര്‍ത്തി ഗ്രാമങ്ങള്‍



തെന്മല:  കേരളത്തില്‍ മഴ തകര്‍ക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്തെ തമിഴകഗ്രാമങ്ങളില്‍ ഇനിയും മഴ വന്നിട്ടില്ല. ആര്യങ്കാവ് കോട്ടവാസല്‍ കടന്നാല്‍ കരിഞ്ഞുണങ്ങിയ വയലേലകളാണ് ദേശീയ പാതയ്ക്കിരുവശവും. തോപ്പുകളില്‍ നിരവധി മാവും തെങ്ങും ഉണങ്ങിനില്‍ക്കുന്നു. പാതയോരത്ത് ട്രാക്ടറില്‍ ഘടിപ്പിച്ച ടാങ്കറില്‍ എത്തിച്ച വെള്ളത്തിനായി കുടങ്ങളും വലിയ കന്നാസുകളുമായി ഗ്രാമീണരുടെ നിര. ചെങ്കോട്ടയിലും തെങ്കാശിയിലും സ്ഥിതി വിഭിന്നമല്ല. ഓണക്കാലത്ത് സൂര്യകാന്തികള്‍ വിടര്‍ന്നുല്ലസിക്കാറുള്ള സുന്ദരപാണ്ഡ്യപുരം കൊടും വരള്‍ച്ചയുടെ പിടിയിലാണ്. നിരവധി കുളങ്ങളുടെ നാടാണിത്. പക്ഷെ മിക്കവയും വറ്റിവരണ്ടു. വറ്റിയ കുളങ്ങളില്‍ മീന്‍ തിന്നാന്‍ പക്ഷിക്കൂട്ടങ്ങളുണ്ട്. ശുരണ്ടെ, ആലംകുളം, മേക്കര, അച്ചന്‍ പുതൂര്‍, വി കെ പുതൂര്‍ എന്നിവിടങ്ങളിലെല്ലാം വേനല്‍ച്ചൂടില്‍ കൃഷിയിടങ്ങള്‍ നശിച്ചു. ഇവിടങ്ങളില്‍ വറ്റിയ കുളങ്ങള്‍ മണ്ണുമാന്തിയന്ത്രമെത്തിച്ച് ആഴം കൂട്ടി വെള്ളമെടുക്കാനുള്ള പരിശ്രമങ്ങളും കര്‍ഷകര്‍ നടത്തുന്നു. സുന്ദരപാണ്ഡ്യപുരത്തിനടുത്ത് ഒരു ജലാശയത്തില്‍ കുറച്ച് വെള്ളം ഉണ്ട്. മണ്‍തിട്ടയുണ്ടാക്കി വെള്ളം തടഞ്ഞ് നിര്‍ത്തിയ സ്ഥലത്ത് നൂറു കണക്കിന് ദേശാടന പക്ഷികള്‍ തമ്പടിച്ചിരിക്കുന്നു. പശുക്കളെയും അട്ടിന്‍പറ്റങ്ങളെയും ഗ്രാമീണര്‍ ഇവിടെ എത്തിച്ചാണ് കുടിനീര്‍ നല്‍കുന്നത്.———തെങ്കാശിയിലെ അഗ്രഹാര തെരുവിലെ വലിയകുളവും വറ്റിപ്പോയി. തെരുവിലെ കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വെള്ളം ശേഖരിക്കുന്നത്. മേക്കരയിലെ ഹനുമാന്‍തോടും സമീപ ജലസ്രോതസുകളും വരണ്ടതോടെ ഇവിടുത്തെ ഡാമിലും വെള്ളം കുറച്ചേയുള്ളൂ. വേനല്‍മഴയുടെ ബലത്തില്‍ നേര്‍ത്തൊഴുകിയിരുന്ന കുറ്റാലം വെള്ളച്ചാട്ടം പൂര്‍ണമായി വറ്റി. വെള്ളമില്ലാത്ത കുറ്റാലത്തേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു. ഇവിടുത്തെ കടകളെല്ലാം അടച്ചു. ഐന്തരുവിയിലും വെള്ളമില്ല. മഴയെത്തിയില്ലെങ്കില്‍ ഗ്രാമീണര്‍ കൂടുതല്‍ ദുരിതത്തിലാകും.———
Next Story

RELATED STORIES

Share it