kasaragod local

മഴ കനത്തു; ഹൊസ്ദുര്‍ഗ് കോട്ടയുടെ മതില്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: രണ്ട് ദിവസമായി ജില്ലയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളിത്താഴ്ന്നു. വീടുകള്‍ തകര്‍ന്നു. നവീകരണ പ്രവൃത്തി നടക്കുന്ന ഹൊസ്ദുര്‍ഗ് കോട്ടയുടെ മതില്‍ തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 174 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്തുള്ള ഹൊസ്ദുര്‍ഗ് കോട്ടയുടെ മതിലാണ് ഇടിഞ്ഞത്. ആറേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള ഹൊസ്ദുര്‍ഗ് കോട്ടയുടെ നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി നടക്കുന്നതിനിടയിലാണ് കോട്ടയുടെ മതില്‍ തകര്‍ന്നത്. 30.05 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് നടത്തുന്നത്.
നേരത്തെ തകര്‍ന്ന കോട്ടയുടെ തെക്കുഭാഗത്തുള്ള കൊത്തളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനടയിലാണ് മതില്‍ തകര്‍ന്നത്്. തകര്‍ന്നുവീണ ഭാഗങ്ങള്‍ ചെങ്കല്ലും സിമന്റും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് പുതുക്കി പണിയുന്നത്.
1886ല്‍ ഇക്കേരി രാജാവായിരുന്ന സോമപ്പനായക്കാണ് ഈ കോട്ട നിര്‍മിച്ചതെന്നാണ് ചരിത്രം. രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ് കോട്ടയിലെ ഭീമാകരങ്ങളായ വട്ടത്തൂണ്‍ കൊത്തളങ്ങള്‍.
ശക്തമായ മഴയിലും കാറ്റിലും മുട്ടുന്തല പള്ളിക്ക് സമീപത്തെ ചാറുച്ചന്റെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു. ഓടുമേഞ്ഞ മേല്‍കൂര തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പുഴകളിലും തോടുകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
Next Story

RELATED STORIES

Share it