kasaragod local

മഴയും വിലത്തകര്‍ച്ചയും; റബര്‍ മേഖല സ്തംഭനത്തില്‍

കാഞ്ഞങ്ങാട്: മഴയും വിലത്തകര്‍ച്ചയും മൂലം മലയോരത്ത് റബര്‍ ഉല്‍പാദനം മന്ദഗതിയില്‍. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയും അനുദിനം കുറഞ്ഞുവരുന്ന റബര്‍ വിലയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. മഴ മാറുന്ന ചിങ്ങ മാസത്തിലാണ് നേരത്തെ ടാപ്പിങ് തുടങ്ങിയിരുന്നത്.
എന്നാല്‍ വൃശ്ചികം അവസാനിക്കാറാകുമ്പോഴും മഴ മാറാത്തതിനാല്‍ റബറില്‍നിന്നുള്ള ശരിയായ ഉല്‍പാദനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മലയോരത്തെ പല തോട്ടങ്ങളും കാടുകയറികിടക്കുകയാണ്. റബര്‍ വില കൂപ്പുകുത്തിയതോടെ ഈ രംഗത്തുള്ള തൊഴിലാളികളാണ് ഏറെ കഷ്ടപ്പെടുന്നത്.
വന്‍കിട തോട്ടമുടമകള്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ മടിച്ചു നില്‍ക്കുന്നതിനാല്‍ മറ്റ് തൊഴിലുകള്‍ തേടി പോകേണ്ട സ്ഥിതിയിലാണ് ഇത്തരം തോട്ടങ്ങളിലെ തൊഴിലാളികള്‍.
ചെറുകിട തോട്ടമുടമകള്‍ക്കാകട്ടെ തൊഴിലാളികളെ നിര്‍ത്തി പണിയെടുപ്പിക്കാനുള്ള വരുമാനവും റബറില്‍ നിന്ന് ലഭിക്കുന്നില്ല. അതിനാല്‍ സ്വന്തമായി ടാപ്പിങ് ചെയ്യുന്നവരാണ് ഇപ്പോള്‍ ഉല്‍പാദനം നടത്തുന്നത്. റബര്‍ വിപണിയിലെ മാന്ദ്യം മലയോരത്തെ ടൗണുകളിലും പ്രതിഫലിക്കുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍പോലും കച്ചവടം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞിരിക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. നാണ്യ വിളകളുടെയും റബറിനെയും ആശ്രയിച്ച് മലയോരത്ത് നടത്തിയിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും റബറിന്റെ വിലത്തകര്‍ച്ച മൂലം നിലച്ചിരിക്കുകയാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ അന്യസംസ്ഥാന തൊഴിലാളികളാണ് പട്ടിണിയിലായത്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഹോളോ ബ്രിക്‌സ് കമ്പനികള്‍, തടി മില്ലുകള്‍ എന്നിവയുടെയും പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇത്തരം സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
റബര്‍ വില നൂറു രൂപയിലും താഴെ എത്തിയതോടെ ഒരാഴ്ച്ചയ്ക്കുള്ളില്‍ സജീവമാകേണ്ട ക്രിസ്മസ് വിപണിയെപോലും പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
Next Story

RELATED STORIES

Share it