malappuram local

മഴയിലും കാറ്റിലും വ്യാപകനാശം

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. പാലൂര്‍, വടക്കന്‍ പാലൂര്‍, ആലംപാറ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. പാലൂര്‍, വടക്കന്‍ പാലൂര്‍ ഭാഗങ്ങളില്‍ ആയിരത്തോളം കുലച്ച വാഴകള്‍് നിലംപൊത്തി. കഴിഞ്ഞ ദിവസം വൈകീട്ട് ഇടിയോടു കൂടെയുള്ള മഴയ്‌ക്കൊപ്പം മേഖലയില്‍ ശക്തമായ കാറ്റും വീശിയിരുന്നു. കാറ്റില്‍ വാഴകളും കവുങ്ങ്, കപ്പ, പച്ചക്കറി കൃഷികള്‍ക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ആഴ്ചകള്‍ക്കുമുമ്പുണ്ടായ പ്രളയത്തില്‍ ഭൂരിഭാഗം കാര്‍ഷിക വിളകളും നശിച്ച പ്രദേശങ്ങളില്‍ നിനച്ചിരിക്കാതെ എത്തിയ കാറ്റില്‍ സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷിയിറക്കിയ കര്‍ഷകരാണ് വലിയ പ്രതിസന്ധിയിലായത്. പലരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. എം ചാത്തന്‍, ആലിക്കല്‍ വിഷ്ണു, കാരേങ്ങല്‍ പറങ്ങോടന്‍, കെ ടി ഗോപാലന്‍, പാങ്ങില്‍ ശിവശങ്കരന്‍, കൂനംകുറ്റി അബൂബക്കര്‍, മക്കട ഹംസ, ആലമ്പാറ സുരേന്ദ്രന്‍, കാഞ്ഞിരക്കടവത്ത് ഹംസ, നൗഫല്‍ തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. കൃഷി നശിച്ച ഇടങ്ങള്‍ പുലാമന്തോള്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൃഷി നശിച്ചവര്‍ക്ക് ഉടനടി ആശ്വാസമെത്തിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം ഹംസ ആവശ്യപ്പെട്ടു. പാലൂര്‍പാടത്തും വടക്കന്‍ പാലൂര്‍ ഭാഗത്തുമുള്ള വാഴക്കൃഷിക്കാര്‍ക്കാണ് കൂടുതല്‍ നഷ്ടം.
എടക്കര: കനത്ത മഴയെത്തുടര്‍ന്ന് നെല്‍കൃഷി നശിച്ചു. നല്ലംതണ്ണി കല്ലംപത്ത് പാടശേഖരത്തിലെ ആനക്കല്ലന്‍ സുരേഷ് ബാബു, പാട്ടകൃഷി നടത്തുന്ന കൂരിക്കാടന്‍ മുഹമ്മദ് എന്നിവരുടെ നെല്‍കൃഷിയാണ് നശിച്ചത്. പാടശേഖരത്തിന് സമീപമൊഴുകുന്ന തോട് പൊട്ടിയൊഴുകിയാണ് നാശമുണ്ടായത്. രണ്ടാഴ്ച മാത്രം പ്രായമായ നെല്ലാണ് നശിച്ചത്. സമീപത്തെ പാഴൂപ്പള്ളില്‍ എബ്രഹാമിന്റെ കഴിഞ്ഞ ദിവസം നട്ട തെങ്ങ്, കമുകിന്‍ തൈകളും വെള്ളപ്പാച്ചിലില്‍ നശിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായ വിവരം എടക്കര കൃഷിഭവന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
കൊണ്ടോട്ടി: ഇടിമിന്നലില്‍ കൊട്ടപ്പുറം ഭാഗത്ത് വ്യാപക നാശം. ഹൈസ്‌കൂളിന് സമീപം കുറ്റിക്കാവില്‍ ഉള്ളാടന്‍ മൊയ്തീന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വീട്ടിലെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. മീറ്റര്‍, മെയിന്‍ സ്വിച്ച്, മോട്ടോര്‍ സ്വിച്ച് തുടങ്ങിയവ പൊട്ടിത്തെറിച്ചു. വീടിന്റെ അടക്കളയുടെ ഒരുഭാഗം തകര്‍ന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. വിടിനുള്ളില്‍ ആളുണ്ടാവാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. വീടിന് സമീപത്തെ പ്ലാവ് ഒരുഭാഗം ഇടിമിന്നലില്‍ കത്തി. സമീപത്തെ വീടുകളിലും വയറിങ് തകരാറിലായിട്ടുണ്ട്. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സറീന അസീസ്, വാര്‍ഡ് മെമ്പര്‍ എം സുബൈദ സ്ഥലം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it