kozhikode local

മഴക്കാലപൂര്‍വ ശൂചീകരണ യജ്ഞം : ഭരണകൂടവും ജനപ്രതിനിധികളും ഒന്നിക്കുന്നു



കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപനി പോലുളള പകര്‍ച്ച വ്യാധികള്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികരിക്കാനുളള സാധ്യത മുന്നില്‍ കണ്ട് മഴക്കാല പൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ഒരുമിച്ച് കര്‍മ്മരംഗത്തിറങ്ങുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെകുറിച്ച് ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ച യോഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണ രംഗത്തും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധി-ഉദ്യോഗസ്ഥ-പൊതുജന പങ്കാളിത്തത്തോടെയുളള കൂട്ടായ പരിശ്രമം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് ഡെങ്കിപനിപോലുളള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുളളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി പറഞ്ഞു. 2017 മെയ് 16 വരെ 73277 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കി പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ഇതില്‍ ഒരെണ്ണം സ്ഥിരീകരിച്ചതാണ്.  എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 പേര്‍ മരിച്ചിട്ടുണ്ട്. 1526 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചു. ഒരാള്‍ മരിച്ചു. എലിപ്പനി ബാധിച്ച കേസുകള്‍ 193 ആണ്. ഇതില്‍ 67 പേരുടേത് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 4 മരണം സംശയിക്കുന്നുണ്ട്. വൈറല്‍ ഹെപ്പറൈറ്റിസ് എ ബാധിച്ച് 2 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 49 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനകീയ പങ്കാളിത്തത്തോടെ സംഘടിത പ്രയത്‌നത്തിലൂടെ മഴക്കാലത്തിന് മുന്നോടിയായി ശൂചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സമൂഹത്തിന്റെ നാനാ തുറകളിലും പെട്ടവരെ ഉള്‍ക്കൊളളിച്ച് ജില്ലാ പഞ്ചായത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ആഭിമുഖ്യത്തില്‍ മെയ് 20ന് 3 മണിക്ക് നളന്ദ ഓഡിറ്റോറിയത്തിലും മെയ് 22ന് രാവിലെ 10 മണിക്ക് ടാഗോര്‍ സെന്റിനറി ഹാളിലും വിപുലമായ ആലോചനാ യോഗം ചേരും. 20ലെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കലക്ടറും സംയുക്തമായാണ് വിളിച്ചുചേര്‍ത്തത്. കോര്‍പ്പറേഷന് പുറത്തുളള മേഖലകളിലുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. മഴയെത്തും മുമ്പെ നാടും നഗരവും രോഗ വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മുക്തമാക്കുകയാണ് ലക്ഷ്യം. കൊതുകുകള്‍ പെരുകുന്ന വെളളക്കെട്ടുകളും മാലിന്യങ്ങളും നീക്കം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. മഴക്ക് മുന്നെയുളള രണ്ടാഴ്ച്ചക്കാലം കോര്‍പ്പറേഷന്‍ പരിധിയിലും ജില്ലയില്‍ മുനിസിപ്പല്‍ ഗ്രാമപഞ്ചായത്ത് മേഖലകളിലും ശൂചീകരണയജ്ഞം നടക്കും. കുളങ്ങളും തോടുകളും കോളനി പ്രദേശങ്ങളും ലേബര്‍ ക്യാമ്പുകളും പൊതുജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. വീടുകളില്‍ ഡ്രൈഡേ ആചരിക്കും.
Next Story

RELATED STORIES

Share it