Kottayam Local

മഴക്കാലപൂര്‍വ തയ്യാറെടുപ്പ്; ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം

കോട്ടയം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി തടയുന്നതിനുളള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനു ഇനിയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലാത്ത തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ ഈ മാസം ഒമ്പതിന് മുമ്പായി പ്ലാന്‍ തയ്യാറാക്കണമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി കലക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ നിര്‍ദേശിച്ചു.
ഇതുവരെ 42 ഗ്രാമപ്പഞ്ചായത്തുകളാണ് വാര്‍ഡ്തല യോഗം കൂടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുളളത്. ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാത്ത മുന്‍സിപ്പാലിറ്റികളുടെയും ഗ്രാമപ്പഞ്ചായത്തുകളുടെയും യോഗം ഈ മാസം ഒമ്പത് വൈകീട്ട് നാലിന് കലക്ടറുടെ അധ്യക്ഷതയില്‍ ചേരും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ മഴക്കാലപൂര്‍വ ശുചീകരണത്തിലൂടെ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ വര്‍ഷവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനാണ് ശ്രമിക്കുന്നത്. ഓഫിസ്, വീട്, സ്‌കൂള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. പൊതുമരാത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഓടകള്‍ വൃത്തിയാക്കണം. ആരോഗ്യം, ഫുഡ് സെയ്ഫ്റ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റെയ്ഡുകള്‍ ശക്തിപ്പെടുത്തണം. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന എല്ലാ ജല സ്രോതസ്സുകളും വാട്ടര്‍ അതോറിറ്റി ലാബ് ടെസ്റ്റ് നടത്തണം.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന്‍ തുടങ്ങിയവ പൂര്‍ത്തീകരിക്കണം. ദേശാടന പക്ഷികള്‍ എത്തുന്ന ജില്ലയായതിനാല്‍ പക്ഷിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും അധിക ജാഗ്രത പുലര്‍ത്തണം.
മൃഗസംരക്ഷണം, തദ്ദേശസ്വയഭരണം വകുപ്പുകള്‍ സംയുക്തമായി കശാപ്പുശാലകളില്‍ പരിശോധന നടത്തണം. പട്ടികജാതി പട്ടിക വര്‍ഗ്ഗ കോളനികളില്‍ വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തണം. റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വൃത്തിയും ശുചിത്വവും റെയില്‍വേ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പു വരുത്തണം.
പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ബോധവല്‍ക്കരണം പരിപാടിയും സംഘടിപ്പിക്കണം. മഴക്കാലപൂര്‍വ തയ്യാറെടുപ്പുകള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it