മല്‍സ്യകൃഷി പ്രദര്‍ശനമായ അക്വ അക്വേറിയ സമ്മേളനം 14 മുതല്‍ മംഗളുരൂവില്‍



കൊച്ചി: മല്‍സ്യകൃഷിയിലെ നൂതന സാധ്യതകള്‍ കണ്ടെത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്മന്റ് അതോറിറ്റി (എംപെഡ) നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ അക്വ അക്വേറിയ സമ്മേളനം മംഗളൂരുവില്‍ മെയ് 14 മുതല്‍ 16 വരെ നടക്കും.സുസ്ഥിരമായ അലങ്കാര മല്‍സ്യകൃഷിയിലെ വൈവിധ്യം എന്നതാണ് നാലാമത് അക്വ അക്വേറിയയുടെ പ്രമേയം. വിപുലമായ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സമുദ്രോല്‍പന്ന കയറ്റുമതിയില്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയായ എംപെഡയാണ്  സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്നത്. കര്‍ണാടക ഫിഷറീസ,് കായികയുവജനക്ഷേമ വകുപ്പു മന്ത്രി പ്രമോദ് മധ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാര്‍ലമെന്റംഗം നളിന്‍കുമാര്‍ കട്ടീലാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി ദേവേന്ദ്ര ചൗധരിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മംഗളുരുവിലെ നെഹ്‌റു മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ അലങ്കാര മല്‍സ്യകൃഷിയിലെ നൂതന പ്രവണതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. മല്‍സ്യപ്രജനനവുമായി ബന്ധപ്പട്ട പുത്തന്‍ സാങ്കേതികവിദ്യയും അവയിലൂടെ സുസ്ഥിരമായ വൈവിധ്യം മല്‍സ്യകൃഷിയില്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങളുമാണ് മുഖ്യ പ്രദര്‍ശന വിഷയങ്ങള്‍.  മല്‍സ്യകര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് മികച്ച അവസരമാണ് സമ്മേളനത്തിലൂടെ കൈവരുന്നതെന്ന് എംപെഡ ചെയര്‍മാന്‍ ഡോ എ ജയതിലക് പറഞ്ഞു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 3000ഓളം പ്രതിനിധികള്‍ പരിപാടിയിയല്‍ പങ്കെടുക്കും. 250 സ്റ്റാളുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. ആഗോളപ്രസിദ്ധരായ നിരവധി വിദഗ്ധരും മേളയില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it