മലേഗാവ് സ്‌ഫോടനം: എന്‍ഐഎക്ക് കോടതിയുടെ വിമര്‍ശനം; പ്രജ്ഞാ സിങിന് ജാമ്യമില്ല

മുംബൈ: 2008ല്‍ നടന്ന മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളി. പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകളും പ്രതിക്കെതിരേ ചുമത്തിയ മക്കോക്കയും തള്ളിക്കളയാനാവില്ലെന്നു കോടതി പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞമാസം പ്രജ്ഞാസിങിന് ശുദ്ധിപത്രം നല്‍കിയിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്‍ പ്രശാന്ത് മാഗു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യഹരജിയെ എന്‍ഐഎ എതിര്‍ത്തിരുന്നില്ല. തനിക്കെതിരേ മതിയായ തെളിവുകളില്ലെന്നായിരുന്നു പ്രജ്ഞാസിങിന്റെ വാദം. സ്‌ഫോടനത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ തന്റെ പേരിലുള്ളതാണെങ്കിലും അതു കൈവശംവച്ചത് ഒളിവില്‍ കഴിയുന്ന രാമചന്ദ്ര കല്‍സാംഗ്രയാണെന്നു സാക്ഷികളിലൊരാള്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ജാമ്യഹരജിയെ എതിര്‍ക്കാതിരുന്ന എന്‍ഐഎയുടെ നടപടി യുക്തിക്ക് നിരക്കാത്തതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോവാതെ അനാവശ്യമായി പുനരാവിഷ്‌കരിക്കുകയാണ് എന്‍ഐഎ ചെയ്യുന്നതെന്നും വിമര്‍ശിച്ചു. സാധ്വിക്കെതിരേ കേസൊന്നുമില്ലെന്ന വാദവും കോടതി തള്ളി.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം ഒഴിവാക്കാനാവില്ല. മൂന്നുപേരുടെ സാക്ഷിമൊഴികള്‍ കണക്കിലെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോവണമെന്നും കോടതി നിര്‍ദേശിച്ചു. മലേഗാവില്‍ 2008 സപ്തംബറിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it