Idukki local

മലയോരത്ത് ഭീതിയും നാശവും വിതച്ച് കാറ്റും മഴയും

ഇടുക്കി: രാവും പകലും താണ്ഡവമാടിയ കാറ്റും മഴയും മലയോരവാസികള്‍ക്കു സമ്മാനിച്ചത് കനത്ത നാശനഷ്ടവും ഭീതിയും. കാലാവസ്ഥ കലിയടങ്ങിയെങ്കിലും ഹൈറേഞ്ചുകാരുടെ മനസ് ശാന്തമായിട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലുണ്ടായിരിക്കുന്നത്. തല ചായ്ക്കാനുള്ള വീടുകള്‍ നഷ്ടപ്പെട്ടവര്‍ നൂറിലേറെ. ഉള്ളവീടുകള്‍ ഏതുനിമിഷവും നിലംപതിക്കുമെന്ന ഭീതിയില്‍ കഴിയുന്ന ആയിരങ്ങള്‍. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ആരംഭിച്ച കാറ്റില്‍ 100ലധികം വീടുകളാണു തകര്‍ന്നത്. അഞ്ചുവീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗീകമായും തകര്‍ന്നെന്ന് ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോഴും ദുരിതത്തിലായവര്‍ എത്രയോ ഇരട്ടി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന്റെ പഴയ കെട്ടിടം മഴയിലും കാറ്റിലും നിലംപൊത്തി. കഴിഞ്ഞ അധ്യയന വര്‍ഷം ഈ ബില്‍ഡിങില്‍ പഠനം ഉപേക്ഷിച്ചിരുന്നു. ഇന്നലെ ഉടുമ്പന്‍ചോല താലൂക്കിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതും അപകടമൊഴിവാകുന്നതിനു സഹായിച്ചു. ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരിക്കേറ്റു. പുളിയന്‍ മല തറക്കുന്നേല്‍, മാത്യു ജേക്കബ് (63), പുളിയന്‍മല, എനാത്ത് ചാലില്‍, ജോബീഷ് മാത്യു(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡരുകില്‍ നിന്ന വൈദ്യുതി പോസ്റ്റ് ലൈനോടൊപ്പം ജീപ്പിന് മുകളിലേക്കു വീഴുകയായിരുന്നു. നെടുങ്കണ്ടം, കട്ടപ്പന മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ നിലംപൊത്തി. നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പലയിടങ്ങളിലും പുനസ്ഥാപിക്കാനായിട്ടില്ല. തേക്കടി-മൂന്നാര്‍ റൂട്ടില്‍ പത്തിടങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഏഴ് പോസ്റ്റുകളും റോഡിലേക്കു നിലംപൊത്തി. പുളിയന്‍മലയ്ക്ക് അടത്തു മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു. വണ്ടിപ്പെരിയാര്‍, പീരുമേട് തോട്ടം മേഖലയില്‍ ബുധനാഴ്ച രാത്രി  മുതല്‍ പെയ്തു തുടങ്ങിയ കനത്ത മഴ  ശമിച്ചിട്ടില്ല. ശക്തമായ കാറ്റില്‍ മിക്കയിടങ്ങളിലും മരങ്ങള്‍ കടപുഴകി. 62ാം മൈല്‍ കൃഷിഭവനു സമീപം പുലര്‍ച്ചെ മരം വീണതോടെ, കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മ്ലാമല,പശുമല,അരണക്കല്‍, നെല്ലിമല,അറുപത്തിരണ്ടാം മൈല്‍, വാളാര്‍ഡി, തുടങ്ങിയ പ്രദേശങ്ങളിലും തോട്ടം മേഖലയിലെ മിക്ക എസ്‌റ്റേറ്റുകളിലും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടുകയും ചെയ്തു. വണ്ടിപ്പെരിയാറിന് സമീപം ദേശീയ പാത നെല്ലിമലയില്‍ വെള്ളം കയറി. ചെറിയ പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. അടിമാലി-മൂന്നാര്‍ റൂട്ടില്‍ ഇരുട്ടുകാനത്ത് കെഎസ്ആര്‍ടിസി ബസ്സിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഉടന്‍ ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. നെടുങ്കണ്ടത്തിനു സമീപം മൈനര്‍ സിറ്റിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര പറന്ന് തൊട്ടടുത്തുള്ള വീടിനു മുകളില്‍ പതിച്ചു. കുമളി-ആനവിലാസം റൂട്ടില്‍ വന്‍മരം കടപുഴകി മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്കും കാറ്റിനും ശമനമുണ്ടായെങ്കിലും കെടുതികള്‍ അടങ്ങിയിട്ടില്ല. ഇതോടെ ഉടുമ്പന്‍ചോലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു (04868232050). വണ്ണപ്പുറം 36 ഭാഗത്ത് കാറ്റില്‍ മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. ജില്ലയില്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it