മലയാളി യുവാവിന്റെ ഇംഗ്ലീഷ് ബ്ലോഗ് ശ്രദ്ധേയമാവുന്നു

വാണിമേല്‍: ഇംഗ്ലീഷ് അധ്യാപകനായ മലയാളി യുവാവിന്റെ ഇംഗ്ലീഷ് ബ്ലോഗിന് 12 ലക്ഷത്തിലേറെ സന്ദര്‍ശകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 173 രാജ്യക്കാരാണ് മലയാളിയുടെ ബ്ലോഗിന് സന്ദര്‍ശകരായുള്ളത്. വാണിമേല്‍ സ്വദേശി നസ്‌റുല്ല മാംബ്രോല്‍ രണ്ടുവര്‍ഷം മുമ്പു തുടങ്ങിയ ഇംഗ്ലീഷ് സാഹിത്യ നിരൂപണമാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ടുമാസം മുമ്പുവരെ 10 ലക്ഷം സന്ദര്‍ശകരുണ്ടായിരുന്ന ബ്ലോഗ് ഇന്നലെ വരെ 12,04,000 ആളുകള്‍ സന്ദര്‍ശിച്ചു. വേര്‍ഡ് പ്രസ്സിന്റെ പ്ലാറ്റ്‌ഫോമില്‍ തുടങ്ങിയ ബ്ലോഗിന് ആദ്യമാസം തന്നെ 4000 സന്ദര്‍ശകരുണ്ടായിരുന്നു. രണ്ടുവര്‍ഷംകൊണ്ടാണ് സന്ദര്‍ശകരുടെ എണ്ണം 12 ലക്ഷം കവിഞ്ഞത്. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ ഏറെയും. രണ്ടുവര്‍ഷത്തിനിടെ നസ്‌റുല്ല 512 നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. മാര്‍ക്‌സിസം, ഫെമിനിസം, പോസ്റ്റ് മോഡേണിസം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഗൂഗ്ള്‍ പ്രഥമ പരിഗണന നല്‍കുന്നത് നസ്‌റുല്ലയുടെ രചനകള്‍ക്കാണെന്നതു ശ്രദ്ധേയമാണ്. കാംബ്രിജ്, ടെക്‌സസ്, ഓക്‌സ്ഫഡ് തുടങ്ങിയ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റികളുടെ ഇംഗ്ലീഷ് വിഭാഗം തലവന്‍മാരടക്കം നസ്‌റുല്ലയുടെ ബ്ലോഗിലെ സന്ദര്‍ശകരാണ്. യുജിസി നെറ്റിന് പരിശീലിക്കുന്നവര്‍ക്ക് സഹായകമായി നസ്‌റുല്ല തയ്യാറാക്കിയ ഗ്രന്ഥം അടുത്ത മാസം ഡല്‍ഹിയില്‍ നിന്നു പുറത്തിറങ്ങുന്നുണ്ട്. പുതിയ പാറ്റേണില്‍ തയ്യാറാക്കിയ ആദ്യ ഗ്രന്ഥമാണിത്. വാണിമേല്‍ എംയുപി സ്‌കൂള്‍, വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍, വെള്ളിയോട് ഗവ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. പിന്നീട് തിരുച്ചിറപ്പള്ളിയിലെ ജമാല്‍ മുഹമ്മദ് കോളജില്‍ നിന്ന് പിജി ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംഫിലും പൂര്‍ത്തിയാക്കി. ഇപ്പോള്‍ തിരുച്ചിറപ്പള്ളി ജമാല്‍ കോളജില്‍ ഡിജിറ്റല്‍ ഹ്യൂമാനിറ്റീസില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നാദാപുരം ഗവ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ദിവസവേതന അധ്യാപകനാണ്. പ്രമുഖ സര്‍വകലാശാലകളിലെ ഇംഗ്ലീഷ് വിഭാഗം തലവന്‍മാരടക്കം ലോകപ്രശസ്തരായ നിരവധി ഇംഗ്ലീഷ് അധ്യാപകര്‍ അംഗങ്ങളായ മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവമാണ് നസ്‌റുല്ല. വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ എം എ വാണിമേലിന്റെയും ജമീലയുടെയും മകനാണ്. ഭാര്യ കെ പി ശംസീറ.

Next Story

RELATED STORIES

Share it