Flash News

മലമുകളിലെ അബ്ദുല്ലയ്ക്ക്‌ സ്മാരകശിലകള്‍





കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. 77 വയസ്സായിരുന്നു. രാവിലെ 7.40ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം ഒരു വര്‍ഷത്തോളമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ തുറന്നെഴുതിയ കുഞ്ഞബ്ദുല്ല മലയാളത്തില്‍ ആധുനികതയ്ക്കു വിത്തിട്ട എഴുത്തുകാരില്‍ പ്രമുഖനായിരുന്നു. 1940 ഏപ്രില്‍ മൂന്നിന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്ത് സൈനയുടെയും മമ്മുവിന്റെയും മകനായാണ് ജനനം. 1960കളില്‍ അലിഗഡ് കഥകളുമായാണ് ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നത്. സ്മാരകശിലകള്‍ എന്ന നോവലാണ് പുനത്തില്‍ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നിന്നു ബിരുദം നേടിയ പുനത്തില്‍, അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. 1970 മുതല്‍ 1973 വരെ ഗവ. സര്‍വീസില്‍ ഡോക്ടറായിരുന്നു. 74 മുതല്‍ 1996 വരെ വടകരയില്‍ സ്വകാര്യ നഴ്‌സിങ് ഹോം നടത്തി. 1999 വരെയുള്ള കുറച്ചുകാലം വയനാട്ടിലെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ഓഫിസറായും സേവനമനുഷ്ഠിച്ചു. ഏഴു നോവലെറ്റുകള്‍ക്കു പുറമെ 250ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖന സമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. സ്മാരകശിലകള്‍ക്ക് 1978ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1999ലെ മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുല്ലയ്ക്ക് 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുന്നിന് വിശ്വദീപം പുരസ്‌കാരവും (1988) സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും (1990) ലഭിച്ചു. ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979ലെ പുരസ്‌കാരത്തിനു പുറമെ സാഹിത്യരംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡും (1998) ഇദ്ദേഹത്തെ തേടിയെത്തി.കേരള സാഹിത്യ സമിതി നിര്‍വാഹകസമിതി അംഗം (1993-1996) കേന്ദ്ര സാഹിത്യ സമിതിയംഗം (1986-1988), കോഴിക്കോട് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം (1984-88) എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു. മകള്‍ നസീമയുടെ ചേവരമ്പലത്തെ വസതിയിലും കോഴിക്കോട്, വടകര ടൗണ്‍ഹാളുകളിലും കാരക്കാട് എല്‍പി സ്‌കൂളിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം കാരക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഹലീമയാണ് ഭാര്യ. മക്കള്‍: നസീമ, ഡോ. നവാബ്, ആസാദ്. മരുമക്കള്‍: ബിന്ദു, ഡോ. ഷാലി, ജലീല്‍.
Next Story

RELATED STORIES

Share it