malappuram local

മലമാന്‍ ഇറച്ചിയുമായി നിലമ്പൂരില്‍ വേട്ടസംഘം അറസ്റ്റില്‍



നിലമ്പൂര്‍: മലമാനിന്റെ ഇറച്ചിയുമായി മൂന്നുപേര്‍ വനംവകുപ്പിന്റെ മൃഗവേട്ട സ്‌പെഷ്യല്‍ സംഘത്തിന്റെ പിടിയില്‍. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ചപ്പങ്ങാത്തോട്ടത്തില്‍ അലവി(54), വലിയപീടിയേക്കല്‍ നിസാദ്(36), എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് സ്വദേശി കുന്നമംഗലത്ത് സുകില്‍ദാസ്(47) എന്നിവരെയാണ് നിലമ്പൂര്‍ നോര്‍ത്ത് എസിഎഫ് പി രഞ്ജിത് കുമാര്‍, എടവണ്ണ റെയ്ഞ്ച് ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഘം പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍ നിന്നായി 20 കിലോയോളം ഇറച്ചിയും വെടിവയ്ക്കാനുപയോഗിച്ച തോക്കുകളും ഒരു എയര്‍ഗണ്ണും വേട്ടയ്ക്ക് ഉപയോഗിച്ച കാര്‍, ഓട്ടോറിക്ഷ, ബൈക്ക്, ഇറച്ചി വെട്ടാനുപയോഗിച്ച കത്തികള്‍, എട്ട് തിരകള്‍, ചില്ല് തിരകള്‍ എന്നിവയും പിടിച്ചെടുത്തു. മാനിന്റെ തലഭാഗം ഉള്‍പെടെയുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍കൂടി സംഘത്തിലുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട എളഞ്ചീരി വനമേഖലയില്‍ നിന്നാണ് ഏകദേശം നാല് വയസ്സ് പ്രായമുള്ള മലമാനിനെ വെടിവച്ചത്. ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുപോവുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. മേഖലയിലെ പ്രധാന വേട്ടസംഘമായ ഇവരെപ്പറ്റി മൃഗവേട്ട സ്‌പെഷ്യല്‍ സംഘത്തിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. നിസാദാണ് വേട്ടയുടെ മുഖ്യസൂത്രധാരന്‍. ഇയാളുടേതാണ് പിടിച്ചെടുത്ത കാര്‍. ഓട്ടോറിക്ഷ അലവിയുടേതും ബൈക്ക് സുഖില്‍ദാസിന്റേതുമാണ്. ജില്ലയ്ക്ക് അകത്തും പുറത്തും വേട്ടയിറച്ചി ഉയര്‍ന്ന വിലയ്ക്ക് വില്‍പന നടത്തുന്ന സംഘം കൂടിയാണിവരെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വി രാജേഷ്, പി ഗിരീഷ്‌കുമാര്‍, ബിഎഫ്ഒമാരായ ഹരീഷ്, ശ്രീജിത്, എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ചര്‍ രാജീവ്, എടവണ്ണ റെയ്ഞ്ചിലെ വനപാലകര്‍ എന്നിവരും സ്‌പെഷ്യല്‍ സ്‌ക്വാഡിലുണ്ടായിരുന്നു. പിടിച്ചെടുത്ത തോക്കുകള്‍ ആയുധ നിരോധന നിയമപ്രകാരം പോലിസിന് കൈമാറും. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it