മര്‍ദനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ദലിത് വിദ്യാര്‍ഥി മരിച്ചു

അലഹബാദ്: അലഹബാദില്‍ മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന ദലിത് നിയമ വിദ്യാര്‍ഥി മരിച്ചു. അലഹബാദ് ഡിഗ്രി കോളജിലെ വിദ്യാര്‍ഥി ദിലീപ് സരോജ് (24) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് മാരക പരിക്കേറ്റ് ചികില്‍സയിലായിരുന്ന ദിലീപ് ഇന്നലെ രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി അലഹബാദിലെ കത്ര പ്രദേശത്തെ റസ്റ്റോറന്റിനടുത്തു വച്ചാണ് ദിലീപ് ആക്രമിക്കപ്പെട്ടത്. ഇരുമ്പും ഇഷ്ടികയും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് കോളന്‍ഗഞ്ച് ഇന്‍സ്‌പെക്ടര്‍ അവദേശ് സിങ് പറഞ്ഞു. യാത്രക്കാര്‍ പകര്‍ത്തിയ ആക്രമണത്തിന്റെ വീഡിയോയില്‍ നിന്ന്, മൂന്നു പ്രതികളിലൊരാള്‍  റെയില്‍വേ ടിടിഇ വിജയ് ശങ്കര്‍ ആണെന്നു തിരിച്ചറിഞ്ഞു. സരോജും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി റസ്‌റ്റോറന്റിലെത്തി. ഈ സമയം അവിടെയെത്തിയ ചിലരുമായി വാക്കുതര്‍ക്കമുണ്ടാവുകയും അവര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നു. ആക്രമണ സമയത്ത് സരോജിന്റെ സുഹൃത്തുക്കള്‍ ഒാടി രക്ഷപ്പെട്ടു. അക്രമികള്‍ ഇഷ്ടികയും ഇരുമ്പും ഉപയോഗിച്ച് സരോജിനെ ആക്രമിച്ച ശേഷം അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു റസ്‌റ്റോറന്റ് ഉടമ അമിത് ഉപാധ്യായ മൊഴി നല്‍കിയതായും സിങ് പറഞ്ഞു. അമിതാണ് ദിലീപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിലീപിന്റെ സഹോദരന്‍ മഹേഷ് ചന്ദ്ര സരോജിന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു.
Next Story

RELATED STORIES

Share it