മരണമുഖത്തു നിന്ന് 'ഓഷ്യന്‍ ഹണ്ടര്‍' തീരമണഞ്ഞു

കൊച്ചി: 42 ദിവസം നടുക്കടലില്‍ മരണത്തോടു മല്ലടിച്ച 'ഓഷ്യന്‍ ഹണ്ടര്‍' തീരമണഞ്ഞു. കൊച്ചിയില്‍ നിന്നു രണ്ട് മാസങ്ങള്‍ക്കു മുമ്പ് മല്‍സ്യബന്ധനത്തിനു പോയ ഓഷ്യന്‍ ഹണ്ടറെന്ന ബോട്ടിലെ 10 മല്‍സ്യത്തൊഴിലാളികളാണ് മരണ വക്രത്തില്‍ നിന്നു തീരമണഞ്ഞത്. ഓഖി ദുരിതത്തിനു മുമ്പ് ഒക്‌ടോബര്‍ 19 നാണ് ഇവര്‍ കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിനായി പുറപ്പെട്ടത്. കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ഇവരുടെ ബോട്ട് കേടാവുകയായിരുന്നു. തുടര്‍ന്നു 150 നോട്ടിക്കല്‍ മൈല്‍ ദൂരം പുറംകടലിലേക്കു ബോട്ട് ഒഴുകി പ്പോയി. വാര്‍ത്താ വിനിമയ സംവിധാനങ്ങളടക്കം പ്രവര്‍ത്തന രഹിതമായതോടെ കരയുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ഒറ്റപ്പെട്ട് കടലില്‍ ദിവസങ്ങളായി അലഞ്ഞുതിരിയുന്നതിനിെട കൊച്ചിയില്‍ നിന്ന് തിരച്ചിലിനായി പുറപ്പെട്ട ഫിഷറീസ് വകുപ്പിന്റെ ബോട്ടിലെ മല്‍സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നു വിദഗ്ധ സംഘമെത്തി ബോട്ടിന്റെ തകരാര്‍ പരിഹരിച്ചാണ് ഇന്നലെ കരയിലെത്തിച്ചത്.  തോപ്പുംപടി തീരത്തെത്തിയ ബോട്ടില്‍ എട്ട് തമിഴ്‌നാട്, രണ്ട് അസം സ്വദേശികളായ തൊഴിലാളികളാണുള്ളത്. തിരിച്ചെത്തിയവര്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ 13 മല്‍സ്യത്തൊഴിലാളികളുമായി മറ്റൊരു ബോട്ടും കൊച്ചിയിലെത്തിയതായി വിവരമുണ്ട്.
Next Story

RELATED STORIES

Share it