മരണത്തില്‍ ദൂരുഹത; രാഷ്ട്രീയ ഇടപെടലുകള്‍ അസ്വസ്ഥനാക്കിയിരുന്നെന്നു സൂചന

മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ആത്മഹത്യയില്‍ ദുരൂഹതകളേറെ. സഹപ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഡിഎംഒ വെള്ളിയാഴ്ച്ച വൈകീട്ട് ജോലി കഴിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്കു പുറപ്പെടുമ്പോള്‍ തിങ്കളാഴ്ച്ച രാവിലെ തിരിച്ചുവരുമെന്നും വാഹനവുമായി ഡ്രൈവറോട് കല്‍പ്പറ്റയിലെത്തണമെന്ന് ആവശ്യപ്പെട്ടുമാണ് യാത്ര പറഞ്ഞത്.
കുടുംബവുമായോ സഹപ്രവര്‍ത്തകരുമായോ ഒരുവിധത്തിലുമുള്ള അകല്‍ച്ചയോ മാനസിക പ്രയാസമോ ഉള്ളതായി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍, ജില്ലാ ആശുപത്രിയില്‍ പാര്‍ട്ട്‌ടൈം സ്വീപ്പറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ ഇദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നതായി പറയപ്പെടുന്നു. 24 പേരെ നിയമിക്കാനായി നടത്തിയ കൂടികാഴ്ച്ചകള്‍ക്കുശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎംഒക്കുണ്ടായിരുന്നു. പ്രായമായവര്‍, വിധവകള്‍, ആശാ വര്‍ക്കര്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും അര്‍ഹതപ്പെട്ട സംവരണം ചെയ്യപ്പെട്ടവര്‍ക്കും നല്‍കിയശേഷമുള്ള ലിസ്റ്റിലായിരുന്നു രാഷ്ട്രീയ ഇടപെടലുകളുണ്ടായത്.
ഇതിനൊടുവില്‍ തയ്യാറാക്കിയ ലിസ്റ്റിനെതിരേ ചിലര്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ലിസ്റ്റ് തിരുവനന്തപുത്തേക്കെത്തിക്കാന്‍ ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. ഇതിന്റെ പേരില്‍ ഡിഎംഒ മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ ഇന്നലെ ജില്ലാ ആശുപത്രിയില്‍ പ്രാഥമികാന്വേഷണത്തിനെത്തിയ സബ്ബ്കലക്ടര്‍ ശ്രീറാം സാംബശിവ റാവുവിനോടു സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഡിഎംഒ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഇതുസംബന്ധിച്ച ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഏതായാലും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ആത്മഹത്യയുടെ കാരണം പുറത്തുവരുകയുള്ളൂ.
ഇന്നലെ രാത്രിയോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹത്തിന് സഹപ്രവര്‍ത്തകരും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പു നല്‍കി. കുറഞ്ഞകാലംകൊണ്ട് ജനകീയനായ ആരോഗ്യവകുപ്പ് മേധാവിയെന്ന ഖ്യാതി നേടാന്‍ ഡോ. പി വി ശശിധരനു കഴിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it