thiruvananthapuram local

മരണക്കടല്‍ നീന്തി എഡ്മണ്ട് ജീവിതത്തിലേയ്ക്ക്

കഴക്കൂട്ടം: ദിശതെറ്റി കൊതുമ്പ് ഫൈബര്‍ വള്ളത്തില്‍ രണ്ട് ദിനങ്ങള്‍ ഉള്‍ക്കടലിലൂടെ ഏറേ അവശനായി ഒഴുകി നടന്ന പൂവ്വാര്‍ സ്വദേശി എഡ്മണ്ട് എന്ന 50 കാരന് ഇത് പുനര്‍ജന്മം. പുതുക്കുറിച്ചിയിലെ മല്‍സ്യ തൊഴിലാളികളും നാട്ടുകാരും വെള്ളായാഴ്ച്ച പുലര്‍ച്ചെ ആറോടെയാണ് ഏറേ വേദനിപ്പിക്കുന്ന ആ കാഴ്ചകണ്ടത്. ശക്തമായ തിരയടിയില്‍ ഈ തീരത്ത് നിന്നും വള്ളങ്ങള്‍ ഒഴുകിപ്പോയിരുന്നു. കടലില്‍ ഇവ ഒഴുകിനടക്കുന്നുണ്ടോ എന്ന് നോക്കുന്നതിനടിയിലാണ് മറ്റൊരു ചെറിയവെള്ളത്തില്‍ അവശ നിലയില്‍കണ്ണെത്താ ദൂരത്ത് ഒരാളെ കാണുന്നത്.
തുടര്‍ന്ന് ഇവര്‍ കുവിയും തുണികള്‍ ഉയര്‍ത്തിക്കാണിച്ചും ഇയാളുടെ ശ്രദ്ധ നേടി. ചെറിയ വള്ളത്തിന് പകരം ഒഴുകി നടക്കുന്ന വലിയ വള്ളത്തിലേക്ക് കയറാന്‍ കരയിലുള്ളവര്‍ ആംഗ്യത്തിലൂടെ നിര്‍ദ്ദേശം നല്‍കി. എറെ പരിശ്രമിച്ചാണ് എഡ്മണ്ട് കരയില്‍ നിന്നും ഒഴുകിപ്പോയ വലിയ വള്ളത്തില്‍ കയറിയത്. എന്നാല്‍ ഇതില്‍ നിറയെ വെള്ളമായിരുന്നു. ഇത് കോരിക്കളയാന്‍ ശ്രമിച്ചെങ്കിലും ഇതിനിടയില്‍ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞു. ഒരു നിമിഷം കടലില്‍ താണ് പോയ എഡ്മണ്ടിന് വേണ്ടി കരയിലുള്ളവര്‍ നിലവിളിച്ചു. എന്നാല്‍ എഡ്മണ്ട് കരയിലേക്ക് നീന്താന്‍ തുടങ്ങി. കരയിലുണ്ടായിരുന്ന മല്‍സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് മൂന്ന് വള്ളം ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയടികാരണം  നടന്നില്ല. പലപ്പോഴും നീന്താനാവാതെ ഇയാള്‍ അവശനായി.
ഇതോടെ തീരത്തും കരച്ചിലും, പ്രാര്‍ത്ഥനകളും തുടങ്ങി. ഒരു ഗ്രാമം മുഴുവന്‍ ഒത്തുകൂടി ആ ജീവന് വേണ്ടി കരഞ്ഞ് വിളിച്ച് പ്രാര്‍ത്ഥനകള്‍ തുടങ്ങി. വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ പെട്ടവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രാര്‍ഥന. പക്ഷേ തിരയടിയുള്ള ഭാഗത്തെത്തിയപ്പോഴേക്കും ഇയാള്‍ തളര്‍ന്നു. നിന്താനാവാതെയായി. വലിയ വടമായി കുറേപേര്‍ കടലിലേക്കിറങ്ങി നിന്തി. ഒരറ്റം കരയില്‍ നിന്നവര്‍ പിടിച്ചിരുന്നു.
കനത്ത തിരയടി വകവയ്ക്കാതെ വടവുമായി നീന്തി എഡ്മണ്ടിനരികിലെത്തി. എന്നാല്‍ വടത്തില്‍ പിടിച്ച് കിടക്കാന്‍പോലുമാവാതെ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇയാളെ കയ്യില്‍ താങ്ങി വടത്തില്‍ പിടിച്ച് കിടന്നു. കരയിലുണ്ടായിരുന്നവര്‍ വടം വലിച്ചടുപ്പിച്ചു. അബോധാവസ്ഥയില്‍ കരയിലെത്തിയ എഡ്മണ്ടിനെ നേരത്തെ തന്നെ സജ്ജരായിരുന്ന കഠിനംകുളം പോലിസും നാട്ടുകാരും ചേര്‍ന്ന്  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it